റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു. നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന അമൃത മോഹൻ (31) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.  കിങ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴ്  മാസം ഗർഭിണിയായിരുന്നു.  കോട്ടയം വൈക്കം  കൊതോറ സ്വദേശിനിയാണ്. ഭർത്താവ് അവിനാശ് മോഹൻദാസ്.


കൊവിഡ് ബാധിച്ചുള്ള മരണമായതിനാൽ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. എന്നാല്‍ നാട്ടിലുള്ള ഭര്‍ത്താവിനെ സൗദിയിൽ എത്തിച്ച് അമൃതയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാന്‍ അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും.  ഇതിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുവരുന്നതായി പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി പറഞ്ഞു. നഴ്‍സുമാരുടെ സംഘടനയായ യു.എന്‍.എയും ഇതിനായുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്.