ദുബായ്: വിവാഹത്തിനായാണ് ദുബായില്‍ ജോലി ചെയ്യുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി മുണ്ടക്കോട്ട്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ്(24) നാട്ടിലേക്കുള്ള വിമാനം കയറിയത്. എന്നാല്‍ യാത്ര അവസാനിച്ചത് ഒരു ദുരന്തത്തിലേക്കായിരുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന മുഹമ്മദ് റിയാസ് നാട്ടിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പൊലിഞ്ഞ മുഹമ്മദ് റിയാസിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

മുഹമ്മദ് റിയാസിന്റെ സഹോദരന്‍ നിസാമുദ്ദീനും അയല്‍വാസി മുഹമ്മദ് മുസ്തഫയും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നു. പരിക്കേറ്റ് നിസാമുദ്ദീന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് മുസ്തഫ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

മക്കള്‍ രണ്ടുപേരും എത്തിയിട്ട് വിവാഹ ഒരുക്കങ്ങള്‍ തുടങ്ങാന്‍ കാത്തിരുന്ന വീട്ടുകാര്‍ക്ക് ഒരാളുടെ മരണവാര്‍ത്തയാണ് അറിയേണ്ടി വന്നത്. ദുബായില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് റിയാസിന്റെ വിവാഹം നേരത്തെ നടത്താന്‍ നിശ്ചയിച്ചതായിരുന്നെങ്കിലും കൊവിഡ് കാരണം നീട്ടി വെക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ക്വാറന്റീന്‍ കഴിഞ്ഞ് ലളിതമായി വിവാഹം നടത്താന്‍ തീരുമാനിച്ചതിനിടയിലാണ് ദുരന്തം സംഭവിച്ചത്. 

ആ പുഞ്ചിരിയും ഓര്‍മ്മകളും മായുന്നില്ല; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തീരാനോവായി രണ്ടു വയസ്സുകാരി ആയിഷ ദുആ