റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി റിയാദിൽ മരിച്ചു. സാമൂഹിക പ്രവർത്തകനായ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി (59) ആണ് മരിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു മാസമായി റിയാദ് കിങ് സൽമാൻ ആശുപത്രിയിലും പിന്നീട് ശുമൈസി കിങ് സഈദ്‌ മെഡിക്കൽ സിറ്റിയിലും ചികിത്സയിലായിരുന്നു. 

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രസാദിന്റെ ആരോഗ്യസ്ഥിതി പൂർണമായും മോശമാകുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഗോപിയാണ് പിതാവ്. ഭാര്യ സുമ പ്രസാദ് സൗദിയിൽ നഴ്സാണ്. ആസ്‌ട്രേലിയയിൽ എംടെക് വിദ്യാർഥിയായ അഭിജിത്, കേരളത്തിൽ പ്ലസ്ടു വിദ്യാർഥിയായ അവിനാഷ്‌, സൗദിയിൽ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് ദേവ പ്രസാദ് എന്നിവർ മക്കളാണ്. ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയായിരുന്നു പ്രസാദ് അത്തംപള്ളി.