റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി. റിയാദിലെ- സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പ സ്വദേശി എന്‍. ജാബിര്‍ (53) ആണ് വ്യാഴാഴ്ച രാത്രി 10.30ഓടെ മരിച്ചത്.

വൈകിട്ട് പതിവുള്ള നടത്ത വ്യായാമത്തിന് പോയ ശേഷം തിരിച്ചെത്തി കുളി കഴിഞ്ഞ് വിശ്രമിക്കേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ബത്ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മെസ് കേബിള്‍സ് എന്ന കമ്പനിയില്‍ സീനിയര്‍ സെയില്‍സ് കോഓഡിനേറ്ററായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ നൂറയും മകന്‍ നാസിഫും റിയാദിലുണ്ട്. മൂത്ത മകന്‍ ജാസിം നീറ്റ് പരീക്ഷയ്ക്കായി നാട്ടിലാണ്.

പരേതനായ എസ്.കെ. അബ്ദുല്‍ ഖാദറാണ് പിതാവ്. വര്‍ഷങ്ങളായി റിയാദില്‍ പ്രവാസിയായ അദ്ദേഹം തനിമ കലാസാംസ്‌കരിക വേദി, ചേതന റീഡേഴ്സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നല്ല വായനക്കാരന്‍ കൂടിയായ അദ്ദേഹം പുസ്തകവായനക്കും സാഹിത്യ ചര്‍ച്ചക്കുമുള്ള ചില്ല സര്‍ഗവേദിയിലെ സ്ഥിര സാന്നിദ്ധ്യവുമായിരുന്നു. പയ്യന്നൂര്‍ പെരുമ്പയിലെ ന്റെ മകനാണ്.