റിയാദ്: കരൾ രോഗം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. നവയുഗം സാംസ്​കാരികവേദി അൽഅഹ്​സ മേഖലയിലെ കൊളാബിയ യൂനിറ്റ് പ്രസിഡൻറ്, തിരുവനന്തപുരം കുളപ്പട  സ്വദേശി കാർത്തി കൃഷ്ണയിൽ​ സന്തോഷ് കുമാർ (46) ആണ്​ മരിച്ചത്​. ദിവസങ്ങളായി ചികിത്സയിലായിരുന്നു. 

അൽഅഹ്സയിലെ കോളാബിയയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കടുത്ത ശാരീകരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കലശലായ കരൾ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രോഗം കലശലായി ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. 

18 വർഷമായി സൗദിയിൽ പ്രവാസിയായ സന്തോഷ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: കവിത. സ്ക്കൂൾ വിദ്യാർഥികളായ ഒരു മകനും മകളും ഉണ്ട്. നവയുഗം അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയായി വരുന്നു.