ടെഹ്റാന്‍: കൊവിഡ് പ്രതിസന്ധി മൂലം ഇറാനിലെ കിഷ് ദ്വീപിൽ കുടുങ്ങിയ മലയാളി വനിത നാട്ടിലേക്ക്. കോഴിക്കോട് മൈലെല്ലാംപാറ സ്വദേശി പോട്ടിക്കയ്യിൽ വത്സലയ്ക്കാണ് നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകുന്നത്. വിസ മാറ്റുന്നതിനായി ഒമാനിലെ മസ്കറ്റിൽ നിന്നും കിഷിലേക്കു പോയപ്പോഴാണ് ഇവര്‍ ഇറാനില്‍ കുടുങ്ങിയത്.

 ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്നും ജൂൺ 25ന് പുറപ്പെടുന്ന ഇന്ത്യൻ നാവിക സേനയുടെ കപ്പലിൽ വത്സല തൂത്തുക്കുടിയിലെത്തും.ഗാർഹിക തൊഴിലിനായി ഒരു മാസത്തെ സന്ദര്‍ശക വിസയിൽ ജനുവരി 26നാണ് വത്സല ഒമാനിലെത്തിയത്  

തൊഴിൽ വിസയിലേക്കു മാറുന്നതിന് സ്പോൺസറായ ഒമാൻ സ്വദേശി വത്സലയെ ഫെബ്രുവരി 22ന് ഇറാനിലെ കിഷ് ദ്വീപിലേക്ക് അയക്കുകയുണ്ടായി. ഇതിനായി കിഷ് ദ്വീപില്‍ പോയി നാല് ദിവസം കൊണ്ട് തിരികെ ഓമനിലെത്തുവാനുള്ള പദ്ധതികളും രേഖകളും മറ്റും തൊഴിലുടമയായ ഒമാൻ സ്വദേശി തയ്യാറാക്കിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ  മടക്ക യാത്രക്ക് കാല താമസം നേരിടുകയുണ്ടായി.

ഇതിനിടയിൽ കൊവിഡ് 19 വ്യാപനം മൂലം വിമാനത്താവളങ്ങൾ പ്രവർത്തനങ്ങൾ നിർത്തിവെച്ചതോടു കൂടി വത്സലയുടെ മടക്കവും അനിശ്ചിത്തത്തിലായി. ഈ സാഹചര്യത്തിൽ ഒമാനിലേക്കോ തിരികെ നാട്ടിലേക്കോ മടങ്ങി പോകാൻ കഴിയാതെ ഇറാനിലെ കിഷ് ദ്വീപിൽ കുടുങ്ങി പോകുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്താലും കേന്ദ്ര സർക്കാരിന്റെ നിരന്തരമായ ഇടപെടലിലൂടെയുമാണ് വത്സല ഇറാനിലെ കിഷ് ദ്വീപിൽ നിന്നും ഇന്ത്യയിലേക്ക്  മടങ്ങുന്നത്.

വിസ മാറുന്നതിന് മസ്കറ്റിൽ നിന്നും ഇറാനിലെ ഫറാബി അപ്പാര്‍ട്ട്മെന്‍റ് ഹോട്ടലിന്‍റെ വിസയിലെത്തിയതിനാൽ നാലു മാസവും ഹോട്ടലിൽ തന്നെ താമസം തുടരേണ്ടതായി വന്നു. ഇതിന് വേണ്ട പണം ഒമാൻ സ്വദേശിയുടെയും മസ്കറ്റിൽ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകരുടെയും സുമനസുകളുടെയും ഇടപെടലിലൂടെ കണ്ടെത്തി നല്‍കുകയായിരുന്നു. ഇന്ന് കിഷിൽ നിന്നും ബന്ദർ അബാസിലേക്ക്‌ പുറപ്പെട്ട വത്സല വ്യാഴാഴ്ച തൂത്തുകുടിയിലേക്ക് തിരിക്കും.

"