സൂപ്പര്‍താരങ്ങളില്ലാതെ, ഒരു നവാഗത സംവിധായകന്‍റെ ചിത്രമായ 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' അഡ്വാന്‍സ് ബുക്കിംഗില്‍ മലയാള സിനിമയെ വിസ്മയിപ്പിക്കുകയാണ്

അഡ്വാന്‍സ് ബുക്കിംഗില്‍ ഒരു ചിത്രം നേടുന്ന പ്രതികരണം ഇന്‍ഡസ്ട്രി കൗതുകപൂര്‍വ്വം ശ്രദ്ധിക്കുന്ന ഒന്നാണ്. ഒരു ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയിലുള്ള ഹൈപ്പ് ഏറ്റവും നന്നായി മനസിലാക്കാനാവുന്ന ഒരു മാനകമാണ് അത്. അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ കുതിപ്പ് നടത്തുന്ന ചിത്രങ്ങള്‍ പൊതുവെ സൂപ്പര്‍താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ ആയിരിക്കും. പലപ്പോഴും പേരുകേട്ട സംവിധായകര്‍ക്കൊപ്പം സൂപ്പര്‍ താരങ്ങള്‍ കൂടി ചേരുമ്പോള്‍ പ്രീ റിലീസ് ഹൈപ്പ് കൂടും. എന്നാല്‍ സൂപ്പര്‍താരങ്ങളില്ലാതെ, ഒരു നവാഗത സംവിധായകന്‍റെ ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ മലയാള സിനിമയെ ഇപ്പോള്‍ വിസ്മയിപ്പിക്കുകയാണ്.

2024 ല്‍ പുറത്തിറങ്ങിയ വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ വാഴ 2 ആണ് അഡ്വാന്‍സ് ബുക്കിംഗില്‍ വിസ്മയിപ്പിക്കുന്നത്. വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. നാളെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.50 കോടി രൂപയാണ്. റിലീസ് ദിനത്തിലേക്ക് മാത്രം ഇന്ന് രാത്രി 9 മണി വരെ നേടിയ ബുക്കിംഗ് ആണ് ഇത്. ഈ വാര്‍ത്ത ചെയ്യുന്ന സമയത്തും മണിക്കൂറില്‍ 5700 ന് മുകളില്‍ ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റുകൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇത് 2 കോടി പിന്നിട്ടുവെന്നും ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്.

ഒരു പുതുതാര ചിത്രത്തിന് ഇത്തരത്തിലൊരു അഡ്വാന്‍സ് ബുക്കിംഗ് ലഭിക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടാവും മലയാളത്തില്‍. കേരളത്തില്‍ 290 തിയറ്ററുകളിലാണ് ചിത്രം എത്തുന്നത്. പുതുമുഖങ്ങള്‍ അഭിനയിക്കുന്ന, പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന ഒരു ചിത്രത്തിന് ഇത്ര വലിയ റിലീസ് ലഭിക്കുന്നതും ആദ്യമായാണ്. നവാഗതനായ സവിൻ എസ് എ ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിൽ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News