മസ്‌കറ്റ്: മലയാളി യുവാവിനെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കാണാതായതായി പരാതി. കണ്ണൂര്‍ സ്വദേശിയായ സന്ദീവ് കാന്ദന്‍ വേദിനെയാണ് കാണാതായത്. തന്റെ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മലയാളിയെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന് കത്തയച്ചു.

എട്ടുവര്‍ഷത്തോളമായി ഒമാനിലെ അല്‍ മുലാദ്ദയില്‍ വര്‍ക്ക്‌ഷോപ്പ് മെക്കാനിക് ആയി ജോലി ചെയ്ത് വരികയായിരുന്നു സന്ദീവ്. കൊവിഡ് 19 പ്രതിസന്ധിയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന സന്ദീവിനെ നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് കാണാതാകുന്നത്. സന്ദീവിന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ നാട്ടിലെത്തുന്നതിനായി നവംബര്‍ അഞ്ചിന് വര്‍ക്ക്‌ഷോപ്പിലെ ഫോര്‍മാനും സുഹൃത്തുമായ സുരേഷ് ഇദ്ദേഹത്തെ മസ്‌കറ്റ് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ സന്ദീവ് ബോര്‍ഡിങ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തില്‍ കയറിയിട്ടില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി കത്തില്‍ പറയുന്നു. വിമാനത്താവളത്തിലെത്തിയ സന്ദീവിനെ അവിടെ നിന്നും കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ട നടപടികളെടുക്കണമെന്ന് കെ സുധാകരന്‍ എംപി കത്തില്‍ അഭ്യര്‍ത്ഥിച്ചു.