ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ കാര്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് മറിഞ്ഞ് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ സി തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത്(30)ആണ് മരിച്ചത്.

അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30ന്(ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്ക്) ആയിരുന്നു മരണം സംഭവിച്ചത്. മയാമിയിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്ന നിത ഇല്ലിനോയി ബെന്‍സന്‍വില്ലെയിലെ താമസസസ്ഥലത്ത് നിന്ന് നേപ്പിള്‍സിലേക്ക് രാവിലെ ഒറ്റയ്ക്ക് പോകുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. നിത ഓടിച്ചിരുന്ന കാര്‍ കനാലിലേക്ക് മറിയുന്നത് തൊട്ടുപിന്നാലെ വന്ന കാറിലെ അമേരിക്കന്‍ ദമ്പതികള്‍ കണ്ടിരുന്നു. നിതയെ കാറില്‍ നിന്ന് പുറത്തെടുക്കാനായി ഇവരിലെ ഭര്‍ത്താവ് കനാലിലേക്ക് ഇറങ്ങി. ഈ സമയം ഭാര്യ അടിയന്തര നമ്പറില് വിളിച്ച് അപകടവിവരം അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തതിന്റെ ശബ്ദരേഖ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ബോധം നഷ്ടപ്പെട്ട നിതയെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയപ്പോള്‍ ചീങ്കണ്ണികള്‍ പാഞ്ഞ് അടുത്തേക്കെത്തിയതോടെ ദമ്പതികളിലെ ഭര്‍ത്താവ് രക്ഷാപ്രവര്‍ത്തന ശ്രമം ഉപേക്ഷിച്ച് തിരികെ കരയ്ക്ക് കയറി. ചീങ്കണ്ണികള്‍ അടുത്തേക്ക് വരുന്നത് കണ്ട് കരയില്‍ നിന്ന ഭാര്യ അലറി കരഞ്ഞതോടെ പ്രാണ രക്ഷാര്‍ത്ഥം ഇയാള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ദമ്പതികള്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നിതയെ കനാലില്‍ നിന്നും രക്ഷിച്ച് പുറത്തെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ചീങ്കണ്ണികള്‍ നിറഞ്ഞ കനാലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ചീങ്കണ്ണികള്‍ നിറഞ്ഞ ഈ മേഖലയില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുണ്ട്. വെയില്‍ കായാനും ഇര തേടാനുമായി ചീങ്കണ്ണികള്‍ കനാലില്‍ നിന്ന് ഇടയ്ക്ക് റോഡുകളിലേക്കും കയറി വരാറുണ്ട്.  എക്‌സൈസ് ഇന്‍സ്‌പെക്ടറായി വിരമിച്ചയാളാണ് നിതയുടെ പിതാവ് തോമസ്. പിന്നീട് കുടുംബസമേതം അമേരിക്കയില്‍ താമസമാക്കുകയായിരുന്നു. മയാമിയില്‍ സര്‍ജറി പിജി വിദ്യാര്‍ത്ഥിനിയായിരുന്നു നിത. സഹോദരങ്ങള്‍: നിതിന്‍, നിമിഷ.