ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം യുഎസ് ഡോളര്‍(7 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈയില്‍ ജോലി ചെയ്യുന്ന 46കാരനായ അനൂപ് പിള്ളയാണ് നറുക്കെടുപ്പില്‍ വിജയിച്ചത്.

21 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന അനൂപ് ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ നാലിനെടുത്ത 341 സീരീസിലെ 4512 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജരായ അനൂപ് കഴിഞ്ഞ 10 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. വിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത്. 

സമ്മാനം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച അനൂപ് ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിച്ചു. ഓരോ സീരീസിലും 5,000 ടിക്കറ്റുകള്‍ വീതം വില്‍ക്കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ തന്നെപ്പോലുള്ളവര്‍ക്ക് വിജയം നേടാന്‍ മികച്ച അവസരമാണ് ഒരുക്കുന്നതെന്നും അനൂപ് പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999ന് ശേഷം ഒരു മില്യന്‍ ഡോളര്‍ സ്വന്തമാക്കുന്ന 169-ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.