ദുബൈ: ജോലി നഷ്ടമായതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങി പിന്നീട് തിരിച്ച് യുഎഇയിലെത്തിയ മലയാളി യുവാവിനെ ദുബൈയില്‍ കാണാനില്ലെന്ന് പരാതി. ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖിനെ(31) കാണാനില്ലെന്ന വിവരം സുഹൃത്തുക്കളാണ് അറിയിച്ചത്. ശനിയാഴ്ച മുതലാണ് യുവാവിനെ കാണാതായത്.

കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായ ആഷിഖ് സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയത്. ഇന്റര്‍നാഷണല്‍ സിറ്റി പേര്‍ഷ്യന്‍ ക്ലസ്റ്ററിലുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നും അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞാണ് ആഷിഖ് പുറത്തുപോയതെന്ന് റൂംമേറ്റും സുഹൃത്തുമായ അല്‍ത്താഫ് സി എയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു സുഹൃത്തായ റമീസിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ആഷിഖ്. എന്നാല്‍ മാസ്‌കും പഴ്‌സും മറന്ന റമീസ് ഫ്‌ലാറ്റിന് താഴെ കാത്തുനില്‍ക്കാന്‍ ആഷിഖിനോട് പറഞ്ഞ് മാസ്‌ക് എടുക്കാന്‍ അകത്തേക്ക് പോയി. റമീസ് മാസ്‌കും പഴ്‌സും എടുത്ത് തിരികെ വന്നപ്പോഴേക്കും ആഷിഖിനെ കാണാതാകുയായിരുന്നു.

ഫ്‌ലാറ്റില്‍ നിന്നും പുറത്തുപോയപ്പോള്‍ ആഷിഖ് തന്റെ മൊബൈല്‍ ഫോണ്‍, വാലറ്റ്, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ മറ്റൊന്നും തന്നെ കയ്യില്‍ കരുതിയിരുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞു. ഒക്ടോബര്‍ 17ന് തിരികെ യുഎഇയിലെത്തിയപ്പോള്‍ മുതല്‍ ആഷിഖ് പുറത്തിറങ്ങിയിരുന്നില്ല. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് അബുദാബിയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇവിടെ ഒരു ഗ്രോസറി സ്‌റ്റോറില്‍ ആഷിഖിന് ജോലി ശരിയാക്കാന്‍ സഹായിക്കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നു. 

ജോലിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ആഷിഖിന് വര്‍ഷങ്ങളായി ഉണ്ടായിരുന്നെന്ന് സുഹൃത്ത് വെളിപ്പെടുത്തി. അബുദാബിയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ അസിസ്റ്റന്റ് ടെക്‌നീഷ്യനായി നാലുവര്‍ഷം ജോലി ചെയ്തിരുന്ന ആഷിഖിന് രണ്ടു വര്‍ഷം മുമ്പാണ് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. നാട്ടിലെത്തിയ ശേഷം പിന്നീട് ബെംഗളൂരുവില്‍ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരുമ്പോഴാണ് കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചത്. തുടര്‍ന്ന് ആ ജോലിയും നഷ്ടമായി. 

അല്‍ത്താഫും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ആഷിഖിന് യുഎഇയില്‍ ഒരു ജോലി ശരിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആഷിഖിനെ കാണാതാകുമ്പോള്‍ ഇയാളുടെ കൈവശം പണവും മറ്റ് രേഖകളുമില്ലായിരുന്നു. ദുബൈയില്‍ വലിയ പരിചയങ്ങളില്ലാത്ത ആഷിഖിനെ എത്രയും വേഗം സുരക്ഷിതമായി കണ്ടെത്തണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം. കാണാതാകുമ്പോള്‍ ബ്ലൂ-ഗ്രേ നിറത്തിലുള്ള റ്റി ഷര്‍ട്ടും ചാര നിറത്തിലുള്ള ട്രാക്ക് പാന്റും കറുത്ത മാസ്‌കുമായിരുന്നു ആഷിഖ് ധരിച്ചിരുന്നത്. ആഷിഖിന്റെ സുഹൃത്തുക്കള്‍ ഇയാളെ കാണാതായ വിവരം പൊലീസിലും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അറിയിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസുമായി ബന്ധപ്പെടുക.