മസ്ക്കറ്റ്: കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതോടെ ചാർട്ടേർഡ് വിമാനത്തിലെങ്കിലും നാട്ടിലെത്തമെന്നു കരുതിയ ഒമാനിലെ പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. മടക്ക യാത്രക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി കിരാതമെന്നാണ് സാമൂഹ്യ സംഘടനകൾ പറയുന്നത്.

പ്രവാസി വിരുദ്ധ നയങ്ങൾ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നാണ് ഒമാനിലെ കേരള സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്. ചാർട്ടേഡ് വിമാനത്തിൽ  ഒമാനിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊവിഡ് 19 പരിശോധന നിർബന്ധമാക്കിയെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനുജ് സ്വരൂപ് ‌ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് 19  പരിശോധന  ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മാത്രമേ ആവശ്യമുള്ളൂ. എന്നാൽ വന്ദേ ഭാരത്  ദൗത്യത്തിലുള്ള  വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും  അനുജ് സ്വരൂപ് വ്യക്തമാക്കി. ജൂൺ 20 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. മസ്കറ്റിൽ നിന്ന് കേരളത്തിലേക്കുള്ള  ചാർട്ടേർഡ് വിമാനങ്ങൾ ആരംഭിച്ചത് രണ്ടാഴ്ച മുൻപ് മാത്രമാണ്.

വന്ദേ ഭാരത് ദൗത്യത്തിലൂടെ മടക്കയാത്ര  സാധ്യമാകാത്ത പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങൾ ആരംഭിച്ചത് ആശ്വാസമായിരുന്നു. എന്നാൽ  സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം ആയിരകണക്കിന്  പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പതിനായിരങ്ങളാണ് ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കായി കാത്തിരിക്കുന്നത്.