ജിദ്ദ: കേരളത്തിന്റെ തനതു കലാരൂപങ്ങൾ അണിയിച്ചൊരുക്കി ഇന്ത്യൻ കോൺസുലേറ്റിന്‍റെ ആഭിമുഖ്യത്തിൽ  മലയാളി സമൂഹവുമായി സഹകരിച്ച് കേരളോത്സവം സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്‍റെ ആഭിമുഖ്യത്തിൽ സൗദി- ഇന്ത്യൻ ബിസിനസ് നെറ്റ് വർക്കും ജിദ്ദയിലെ മലയാളി സമൂഹവുമായി ചേർന്നാണ് വെള്ളിയാഴ്ച കോൺസുലേറ്റ് അങ്കണത്തിൽ കേരളോത്സവം സംഘടിപ്പിച്ചത്.

സംഗീത വിരുന്നോടെ തുടങ്ങിയ പരിപാടിയിൽ കേരളത്തിന്‍റെ തനത് കലാരൂപങ്ങളാണ് അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടക്കം കേരളോത്സവത്തിന്‍റെ ഭാഗമാകാൻ ഉത്സവ നഗരിയിൽ ഒഴുകിയെത്തിയ വൻ ജനാവലിയെ മലയാളത്തിലാണ് കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് അഭിസംബോധന ചെയ്തത്.

മലയാള തനിമ വിളിച്ചോതിയ ഘോഷയാത്രയുടെ അകമ്പടിയോടെ നടന്ന കേരളോത്സവത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രം പറയുന്ന ചിത്ര പ്രദർശനവും തനതു ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും കേരളോത്സവത്തിന് പകിട്ടേകി.തനിമ ഒട്ടും ചോരാതെ അവതരിപ്പിച്ച കേരളത്തിന്റെ തനതു കലാരൂപങ്ങൾ നേരിൽ കാണാൻ കഴിഞ്ഞ ജിദ്ദയിലെ മലയാളി സമൂഹത്തിനു കേരളോത്സവം ഗൃഹാതുര സ്മരണയാണ് സമ്മാനിച്ചത്.