കേരളത്തിലെ മൺസൂൺ കാലാവസ്ഥക്ക് സമാനമായ മഴയും തണുപ്പും അങ്ങ് ഒമാനിലും അനുഭവപ്പെടും. ഖരീഫ് സീസണിന് തുടക്കമായി.
മസ്കറ്റ്: മറ്റ് ജിസിസി രാജ്യങ്ങളും ഒമാന്‍റെ വടക്കൻ പ്രദേശങ്ങളും വേനലിൽ ചുട്ടുപഴുക്കുമ്പോൾ, സലാലയിലെ ഈ കാലാവസ്ഥ സഞ്ചാരികളുടെ ആശ്വാസ കേന്ദ്രമായി മാറുന്നു. 90 ദിവസം നീണ്ടു നിൽക്കുന്ന ഖരീഫ് കാലാവസ്ഥയോടൊപ്പം വിനോദ പരിപാടികൾ ഒരുക്കി ആഘോഷമാക്കുവാൻ ദോഫാർ നഗര സഭ തയ്യാറായി കഴിഞ്ഞു. കേരളത്തിലെ മൺസൂൺ കാലാവസ്ഥക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ് ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത.
ദോഫാർ ഗവർണറേറ്റിലെ പർവത നിരകളിലും താഴ്വരകളിലും ഇടമുറിയാതെ പെയ്യുന്ന ചാറ്റൽ മഴയും ഒപ്പം താപനില 22 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുകയും ചെയ്യുന്ന ഖരീഫ് കാലാവസ്ഥ ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഇവിടെ എത്താറാറുള്ളത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഖരീഫ് കാലാവസ്ഥ ആസ്വദിക്കുവാൻ സലാലയിൽ എത്തുന്നത്.
പച്ചപ്പ് നിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയുമുള്ള പ്രകൃതിയുടെ വിസ്മയമാണ് ഖരീഫ് കാലഘട്ടത്തിന്റെ പ്രത്യേകത. ഖരീഫ് സീസൺ വർണാഭമാക്കുന്നതിന് നഗരസഭ ഒരുക്കുന്ന ഖരീഫ് ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞു. ജൂൺ 21ന് ആരംഭിച്ച ഖരീഫ് ഫെസ്റ്റിവൽ സെപ്തംബർ 20 വരെ തുടരും. അതീൻ സ്‌ക്വയർ, അൽ സആദ, ഔഖദ് പാർക്ക്, സലാല പബ്ലിക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഖരീഫ് ഫെസ്റ്റിവൽ അരങ്ങേറുക. അറേബ്യൻ മേഖല കനത്ത ചൂടിൽ വലയുമ്പോൾ കേരളമടക്കമുള്ള തെക്കേഷ്യൻ രാജ്യങ്ങളിലെ കാലാവസ്ഥക്ക് സമാനമായി സലാല ഉൾപ്പെടുന്ന ഒമാനിലെ ദോഫാർ മേഖല മാറും.
