റിയാദ്: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. വ്യവസായ-ധാതുവിഭവ മേഖലയ്ക്കായി പുതിയ മന്ത്രാലയം രൂപീകരിച്ചു. ഒപ്പം നിലവിലുള്ള ഊര്‍ജ-വ്യവസായ മന്ത്രാലയത്തിന്റെ പേരുമാറ്റി, ഊര്‍ജ മന്ത്രാലയം എന്നാക്കി. ഇതുവരെ ഒറ്റ മന്ത്രാലയത്തിന് കീഴിലായിരുന്ന ഊര്‍ജ, വ്യവസായ മേഖലകള്‍ വിഭജിച്ച് രണ്ട് പ്രത്യേക മന്ത്രാലയങ്ങളാക്കുകയാണ് ചെയ്തത്. 

ബന്ദര്‍ അല്‍ഖുറൈഫാണ് പുതിയ വ്യവസായ-ധാതുവിഭവ മന്ത്രി. റിയാദിലെ വന്‍കിട പദ്ധതികളുടെയും ചുമതലകള്‍ക്കായി റോയല്‍ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള റിയാദ് വികസന അതോരിറ്റിയെ റോയല്‍ കമ്മീഷനാക്കുകയാണ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റിയാദ് റോയല്‍ കമ്മീഷന്‍ അധ്യക്ഷന്‍. രാജ്യത്ത് ഡാറ്റ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ അതിരോറ്റി എന്ന പേരില്‍ പുതിയ സംവിധാനത്തിനും രൂപം നല്‍കി. ഇതിന് കീഴില്‍ നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍, നാഷണല്‍ ഡാറ്റ മാനേജ്മെന്റ് ഓഫീസ് എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളും നിലവില്‍ വരും. ഇവയ്ക്ക് പുറമെ റോയല്‍ കോര്‍ട്ട്, അഴിമതി വിരുദ്ധ കമ്മീഷന്‍ എന്നിവ ഉള്‍പ്പെടെ സുപ്രധാനമായ നിരവധി ചുമതലകള്‍ വഹിച്ചിരുന്നവരെയും മാറ്റിയിട്ടുണ്ട്.