റിയാദ്: രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷയ്ക്കും കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും മുന്‍ഗണന നല്‍കി സൗദി അറേബ്യയുടെ പുതിയ ബജറ്റ്. 2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  

849 ശതകോടി റിയാല്‍ വരവും 990 ശതകോടി റിയാല്‍ ചെലവും 141 ശതകോടി റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച കൊവിഡ് മഹാമാരിയിലൂടെയാണ് ലോകം കടന്നുപോയത്. കൊവിഡിനെതിരായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കൊവിഡ് ബാധിച്ച എല്ലാ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് സല്‍മാന്‍ രാജാവ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പൊതു, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ ജോലിക്കാരില്‍ കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. 

ആരോഗ്യ മുന്‍കരുതല്‍ നടപടികളും സാമ്പത്തിക സംരംഭങ്ങളും പരിഷ്‌കാരങ്ങളും മൂലം സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു. ഇത് ദൈവകൃപയാലാണ്. രാജ്യത്തെ ജനങ്ങളുടെ പരസ്പര സഹകരണവും പ്രവര്‍ത്തനങ്ങളും ഇതിന് സഹായിച്ചിട്ടുണ്ടെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. ഭവന പദ്ധതികള്‍, പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന വികസന പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. സാമൂഹിക പരിരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും സല്‍മാന്‍ രാജാവ് വ്യക്തമാക്കി.