റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കാൻ രാജാവിന്റെ ഉത്തരവ്.  സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കാനാണ് ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്.

ഇത്തരം കേസുകളിൽ കോടതി വിധി നടപ്പാക്കരുതെന്നും ജയിലുകളിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും രാജാവ് നിർദ്ദേശിച്ചതായി നീതിന്യായ മന്ത്രി ഷെയ്ഖ് ഡോ. വലീദ് ബിൻ മുഹമ്മദ് അൽ സമാനീ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നടപടികളുടെ ഭാഗമായാണ് തടവുകാരെ വിട്ടയക്കുന്നത്. ഇതിനായുള്ള നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയതായും മന്ത്രി അറിയിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ സൗദിയിലെ വിവിധ ജയിലുകളിൽ സാമ്പത്തിക കേസുകളിൽപ്പെട്ടു കഴിയുന്നുണ്ട്. ഇവർക്ക് പുതിയ ഉത്തരവ് ആശ്വാസകരമാകും.