Asianet News MalayalamAsianet News Malayalam

സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമെന്ന് റോയല്‍ കോര്‍ട്ട്; സന്തോഷം പങ്കുവെച്ച് സൗദി ജനതയും പ്രവാസികളും

ചികിത്സാ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം  അദ്ദേഹം കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. 

King Salman undergoes successful gallbladder surgery
Author
Riyadh Saudi Arabia, First Published Jul 24, 2020, 11:02 AM IST

റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദിലെ കിങ് ഫൈസല്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് വ്യാഴാഴ്ച പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ലാപ്രോസ്‍കോപിക് ശസ്ത്രക്രിയക്ക് സല്‍മാന്‍ രാജാവിനെ വിധേയനാക്കിയത്. 

ചികിത്സാ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം  അദ്ദേഹം കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. പിത്താശയവീക്കം മൂലം പരിശോധനകള്‍ക്കായി ഈ മാസം 20നാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ആശുപത്രിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം അധ്യക്ഷത വഹിക്കുകയും ചെയ്തു.

ഭരണാധികാരിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതില്‍  ദൈവത്തെ സ്തുതിച്ചും പ്രാര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷം പങ്കിടുകയാണ് സൗദി ജനതയും വിദേശികളും. വിവിധ മന്ത്രാലയങ്ങളും രാജകുമാരന്മാരും മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഫോണില്‍ ബന്ധപ്പെട്ട് സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു.

Follow Us:
Download App:
  • android
  • ios