മനാമ: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിവിധി നിരാശാജനകമാണെന്നും മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. 

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്. ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിട്ടും പ്രതികളുടെ ഗൂഢാലോചന കോടതിമുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘ്പരിവാറും ബി.ജെ.പി നേതാക്കന്‍മാരും  പരസ്യമായി ഇക്കാര്യം പറഞ്ഞതാണ്. ഇതിനായി സംഘ്പരിവാര്‍ രഥയാത്ര പോലും നടത്തി. എന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്തതിലെ ആസൂത്രണം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തത് ദുരൂഹമാണെന്നും മതേതര ഇന്ത്യയുടെ ഭാവി അതിസങ്കീര്‍ണ്ണതയിലേക്കാണ് നീങ്ങുന്നതെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.