റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന കെഎംസിസിയുടെ ചാര്‍ടേഡ് വിമാനത്തിന് അനുമതി ലഭിച്ചില്ല. 160 യാത്രക്കാരുമായി ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. ഇതോടെ നാട്ടിലെത്താമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരുടെ കാത്തിരിപ്പാണ് വിഫലമായത്. 

കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വ്വീസാണ് മുടങ്ങിയത്.  ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്നവരെ ഇതോടെ ഹോട്ടലിലേക്ക് മാറ്റി. യുഎഇയില്‍ നിന്നുള്ള ആദ്യ സര്‍വ്വീസാണ് മുടങ്ങിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികിത്സ ലഭിക്കേണ്ടവര്‍, പ്രായമായവര്‍ സന്ദര്‍ശക വിസയില്‍ എത്തിയവര്‍, ജോലി നഷ്ടമായവര്‍ തുടങ്ങിയവരാണ് യാത്രയ്ക്ക് തയ്യാറായിരുന്നത്. 

റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്ന്​ വൈകീട്ട് ആറിന്​ സ്​പേസ്​ ജെറ്റ്​ വിമാനം പുറപ്പെടുമെന്നാണ്​ അറിയിച്ചിരുന്നത്. രണ്ട് മണിക്കുതന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാത്രി 11.30 ന് പുറപ്പെടാമെന്ന് ഒടുവില്‍ അറിയിച്ചെങ്കിലും ആ പ്രതീക്ഷയും മങ്ങി. രാത്രി ഒമ്പതുമണിയോടെ സര്‍വ്വീസ് മാറ്റിവയ്ക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു.