Asianet News MalayalamAsianet News Malayalam

ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന; സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എം.സി.സി

കൊവിഡ് വ്യാപിക്കുന്നതിനാല്‍ തന്നെ വെറുതെ പരിശോധന നടത്താന്‍ ഒരു സര്‍ക്കാരും സന്നദ്ധരല്ല. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇത്തരം പരിശോധനകള്‍ക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ജീവിതം പോലും വഴിമുട്ടിയും നിത്യചെലവിന് വരുമാനമില്ലാതെയുമുള്ള അവസ്ഥയിലാണ് പലരും നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. 

KMCC criticize kerala government on decision for making covid test mandatory for charter flights
Author
Manama, First Published Jun 13, 2020, 3:36 PM IST

മനാമ: ഗള്‍ഫ് നാടുകളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവില്‍ വന്ദേഭാരത് മിഷന്‍ നിബന്ധനകള്‍ പാലിച്ചാണ് കാരുണ്യ സംഘടനകളും മറ്റും നാട്ടിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍ നടത്തുന്നത്. 

സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതും. എന്നിരിക്കെ, ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവര്‍ മാത്രം 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറയുന്നത് പ്രവാസി വിരുദ്ധമാണെന്നും അവര്‍ നാടണയുന്നതിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തികളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
20ന് ശേഷം നാട്ടിലേക്ക് പോകുന്നവര്‍ കൊവിഡ് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഒരു ഗള്‍ഫ് നാടുകളിലും പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി മനസിലാക്കണം. 

കൊവിഡ് വ്യാപിക്കുന്നതിനാല്‍ തന്നെ വെറുതെ പരിശോധന നടത്താന്‍ ഒരു സര്‍ക്കാരും സന്നദ്ധരല്ല. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇത്തരം പരിശോധനകള്‍ക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ജീവിതം പോലും വഴിമുട്ടിയും നിത്യചെലവിന് വരുമാനമില്ലാതെയുമുള്ള അവസ്ഥയിലാണ് പലരും നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. പലരും സൗജന്യ ടിക്കറ്റുകളിലും മറ്റ് സഹായത്താലുമാണ് എങ്ങനെയെങ്കിലും തിരികെ നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ കാരുണ്യ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാന സര്‍വിസിലൂടെ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്. 

അതിനിടെയാണ് വീണ്ടും പ്രവാസി വിരുദ്ധ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്. ഓരോദിവസവും പ്രവാസികള്‍ക്കെതിരേ വഞ്ചനാപരമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 
പ്രവാസികളെ രണ്ടാംകിട പൗരന്‍മാരായി കാണുന്ന ഇത്തരം തീരുമാനത്തില്‍നിന്ന് പിന്മാറി പ്രവാസികള്‍ക്ക് നാടണയാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios