റിയാദ്: സൗദി അറേബ്യയിൽ പുതുതായി 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയർന്നു. പുതുതായി സ്ഥിരീകരിച്ച രോഗികൾ 49 പേർ റിയാദിലാണ്. ജിദ്ദയിൽ 11ഉം മക്കയിൽ രണ്ടും, മദീന, ദമ്മാം, ദഹ്റാൻ, ഖത്വീഫ്, ആൽബാഹ, തബൂക്ക്, ബീശ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിൽ ഒരോന്നും വീതമാണ് പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ. 

പുതിയ കേസുകളിൽ 11 പേർ ഇന്ത്യ, മൊറോക്ക, ജോർദാൻ, ഫിലിപ്പീൻസ്, ബ്രിട്ടൻ, യു.എ.ഇ, സിറ്റ്സർലൻറ് എന്നിവിടങ്ങളിൽ നിന്ന് വന്ന ശേഷം എയർപ്പോർട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. 58 പേർ നേരത്തെ രോഗബാധിതരായ ആളുകളുമായി ഇടപഴകിയവരാണ്. കല്യാണ പരിപാടികളിലും മരണ ചടങ്ങുകളിലും കുടുംബ യോഗങ്ങളിലും പെങ്കടുത്തതിലൂടെയാണ് ഇവർക്ക് വൈറസ് ബാധയുണ്ടായത്. 

രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ 344 ആയി. അതിൽ എട്ട് പേർ മാത്രമാണ് സുഖം പ്രാപിച്ചത്. ബാക്കിയാളുകൾ ചികിത്സയിലാണ്. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു