Asianet News MalayalamAsianet News Malayalam

കടൽകടന്നും യച്ചൂരിയുടെ ഓർമ്മകൾ! 'ഷാർജ മാസ്' ഒരുക്കിയ യച്ചൂരി അനുസ്മരണത്തിലെ അനുഭവം പങ്കുവച്ച് ജലീൽ

ഫേസ്ബുക്കിലാണ് ജലീൽ അനുഭവം പങ്കുവച്ചത്

KT Jalil shares his experience On UAE Sharjah commemorating Sitaram Yechury 
Author
First Published Sep 15, 2024, 4:20 PM IST | Last Updated Sep 15, 2024, 4:20 PM IST

ഷാർജ: സി പി എം ജനറൽ സെക്രട്ടറിയായിരിക്കെ അപ്രതീക്ഷിത മരണം സംഭവിച്ച സീതാറാം യച്ചൂരിക്ക് വേണ്ടി ഷാർജയിൽ നടത്തിയ അനുസ്മരണത്തിന്‍റെ അനുഭവഭങ്ങൾ പങ്കുവച്ച് മുൻ മന്ത്രിയും എം എൽ എയുമായ കെ ടി ജലീൽ രംഗത്ത്. കടൽകടന്നും യച്ചൂരിയുടെ ഓർമ്മകൾ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് ജലീൽ അനുഭവം പങ്കുവച്ചത്.

കണ്ണീരിലാഴ്ന്ന് തേവര എസ്എച്ച് കോളേജിലെ ഓണാഘോഷം, വടംവലി മത്സരത്തിനിടെ യുവ അധ്യാപകൻ തലകറങ്ങി വീണ് മരിച്ചു

ജലീലിന്‍റെ വാക്കുകൾ

കടൽകടന്നും യച്ചൂരിയുടെ ഓർമ്മകൾ!
യു.എ.ഇയുടെ ഇൻ്റസ്ട്രിയൽ ഹബ്ബായി അറിയപ്പെടുന്ന ഉമ്മുൽ ഖുവൈനിൽ ഡോ: ഫാത്തിമയുടെയും ഡോ: ജാഷിദിൻ്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ''വെൽനസ് മെഡിക്കൽ സെൻ്റെറി"ൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഷാർജ ഇൻഡ്യൻ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി പ്രകാശിൻ്റെ ഒരു വോയ്സ് ക്ലിപ്പ് ലഭിച്ചത്. 14 -ാം തിയ്യതി അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന യച്ചൂരി അനുസ്മരണത്തിൽ പങ്കെടുത്ത് സഹായിച്ചാൽ നന്നായിരുന്നു. കോംറേഡ് ഹമീദ്ക്ക വിളിക്കും. അധികം താമസിയാതെ ഹമീദിക്കയുടെ വിളി വന്നു. രാത്രി 8 മണിക്കാണ് ചടങ്ങ് ആരംഭിക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. എത്താമെന്ന് പറയാൻ രണ്ട് പ്രാവശ്യം ചിന്തിക്കേണ്ടി വന്നില്ല.
മഹാനായ സോക്രട്ടറീസ് വധിക്കപ്പെടുന്നതിന് ഏതാനും സമയം മുമ്പ്, തന്നെ വന്നുകണ്ട ശിഷ്യൻമാരോട് പറഞ്ഞതിങ്ങനെ: "എൻ്റെ ജീവനേ അവർക്കെടുക്കാൻ കഴിയൂ. ഞാൻ മുന്നോട്ടുവെച്ച അശയങ്ങൾ ഇവിടെ എന്നെന്നുമുണ്ടാകും. നിങ്ങൾ അതിൻ്റെ പ്രചാരകരാവുക''. അവർ പോയിക്കഴിഞ്ഞ ഉടനെ ഹാംലോക്ക് ചെടിയുടെ വിഷനീര് നൽകി,  സത്യത്തിൻ്റെ ശത്രുക്കൾ ചിന്താലോകത്തെ കുലപതിയുടെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തി. നമ്മളിൽ നിന്ന് വേർപ്പെട്ട് പോകുന്ന ചിലരുടെ ആശയങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കും. രക്തസാക്ഷിത്വമാണെങ്കിലും സ്വാഭാവിക മരണമാണെങ്കിലും ശരി. അത്തരം അംഗുലീ പരിമിതരിൽ പെട്ട ഒരാളാണ് സഖാവ് സിതാറാം യച്ചൂരി. ആൾഇന്ത്യാ സി.ബി.എസ്.ഇ പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ. ഡൽഹി സെൻ്റ്സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രം ബി.എ ഹോണേഴ്സ് സ്വർണ്ണ മെഡലോടെ പൂർത്തിയാക്കിയ മിടുക്കൻ. ജവഹർലാൽ നഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സമർത്ഥൻ. അവിടെത്തന്നെ പി.എച്ച്.ഡിക്ക് പ്രവേശനം കിട്ടിയെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ സജീവമായതോടെ ഡോക്ടറേറ്റ് വേണ്ടെന്നുവെച്ച് സമരങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടിയ കർമ്മധീരൻ. 
ദു:ഖം തളംകെട്ടിയ അന്തരീക്ഷത്തിൽ "ഷാർജ മാസ്" ഒരുക്കിയ യച്ചൂരി അനുസ്മരണം ശ്രദ്ധേയമായി. കെ.എം.സി.സിയുടെയും ഇൻകാസിൻ്റെയും പ്രതിനിധികളും വേദിയിൽ എത്തിയിരുന്നു. പ്രൗഢമായ സദസ്സ്. അക്കാദമിക രംഗത്ത് ശ്രദ്ധയൂന്നിപ്പോയിരുന്നെങ്കിൽ സിവിൽ സർവീസ് പരീക്ഷ അനായാസം ജയിക്കാൻ യച്ചൂരിക്ക് കഴിയുമായിരുന്നു. മറ്റേതെങ്കിലും പാർട്ടിയിലായിരുന്നെങ്കിൽ മൻമോഹൻ സിംഗിൻ്റെ സ്ഥാനത്തേക്കും പ്രണബ് മുഖർജിയുടെ സ്ഥാനത്തേക്കും തീർച്ചയായും പരിഗണിക്കപ്പെടുമായിരുന്ന നയതന്ത്ര ചാതുരിയുള്ള വ്യക്തിത്വമാണ് സിതാറാമിൻ്റേത്. അറിവും വിനയവും ആദർശ വിശുദ്ധിയും ഒരുപോലെ സമന്വയിച്ച മനുഷ്യസ്നേഹി. അദ്ദേഹത്തെ അനുസ്മരിക്കാൻ ലഭിക്കുന്ന അവസരം പോലും പവിത്രമായാണ് ഞാൻ കരുതുന്നത്.
വെൽനസ് മെഡിക്കൽ സെൻ്റെറിൻ്റെ ഉൽഘാടനം ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ഹസ്ന അഹമദ് നിർവ്വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളും, അബ്ദുല്ല ഇബ്രാഹീമും, റിയാസ് കിൽറ്റണും, ബഷീർ പടിയത്തും, ഈയുള്ളവനും അതിഥികളായി പങ്കെടുത്തു. ഇന്നലെ ഓണസദ്യ കഴിച്ചത് പകര സ്വദേശികളായ നൗഷാദും നാഷിദും നടത്തുന്ന "പൊതി കിച്ചണിൽ"നിന്നാണ്. താമസിക്കുന്ന ഹോട്ടലിൻ്റെ റസ്റ്റോറൻ്റിൽ വെച്ച് പ്രാതൽ കഴിക്കവെ മുഹമ്മദ് മുഹ്സിൻ എം.എൽ.എയേയും സുഹൃത്തുക്കളെയും കണ്ടുമുട്ടി. അവർ 'ഉംറ' നിർവഹിക്കാൻ മക്കയിലേക്കുള്ള വഴിമദ്ധ്യേ ദുബായിയിൽ എത്തിയതാണ്. നാട്ടുകാരായ പലരെയും അവിടെവെച്ച് പരിചയപ്പെട്ടു. കൂട്ടത്തിൽ ശ്രദ്ധേയനായി തോന്നിയത് കോഴിക്കോട് അത്തോളി സ്വദേശി ഷരീഫിനെയാണ്. 
ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റഡ്ഡ് നിർമ്മിക്കുന്ന ലോകോത്തര ജർമ്മൻ കമ്പനിയുടെ കേരളത്തിലെ റീജിയണൽ മാനേജരാണ് അദ്ദേഹം. ദുബായിയിൽ വെച്ച് നടക്കുന്ന കമ്പനിയുടെ മീറ്റിംഗിൽ പങ്കെടുക്കാനാണത്രെ അദ്ദേഹം എത്തിയത്. ഞങ്ങൾ സംസാരിച്ചത് ആഞ്ചിയോ പ്ലാസ്റ്ററി സർജറിയെ കുറിച്ചാണ്. ഏറ്റവുമധികം ഹൃദയശസ്ത്രക്രിയകളും അവയവമാറ്റ ശസ്ത്രക്രിയകളും നടക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണത്രെ ഇന്ത്യയുടെ സ്ഥാനം. ഇൻഡ്യയിൽ കേരളമാണ് മുന്നിൽ. കേരളത്തിൽ മലബാറാണ് മുന്നിൽ. മലബാറിൽ മലപ്പുറവും കോഴിക്കോടുമാണ് ഒന്നാം സ്ഥാനത്തിനായി മൽസരിക്കുന്നത് എന്നറിഞ്ഞപ്പോൾ ശരിക്കും അൽഭുതപ്പെട്ടു. 
ക്യാൻസറും കിഡ്നി സംബന്ധമായ രോഗങ്ങളും വർധിക്കുന്നതിൻ്റെ കാരണങ്ങളിൽ പ്രധാനം അനിയന്ത്രിതമായ ഭക്ഷണക്രമമാണെന്നാണ് ഷെരീഫിൻ്റെ അഭിപ്രായം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷാംശമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് സാക്ഷര കേരളത്തിലാണ്. മരുന്നു കമ്പനികളുടെ പറുദീസയാണ് കൊച്ചു കേരളം. മുമ്പൊക്കെ സ്റ്റഡ്ഡുകൾ വന്നിരുന്നത് വിദേശങ്ങളിൽ നിന്നാണ്. ഇന്നിപ്പോൾ വിദേശ കമ്പനികൾ ഇന്ത്യയിൽ ഉൽപാദനം തുടങ്ങി. ഗുജറാത്തിലാണ് ഒട്ടുമിക്ക കുത്തക മെഡിക്കൽ ഉപകരണ നിർമ്മാണ ഫാക്ടറികളും പ്രവർത്തിക്കുന്നത്. അതോടെ വിലയിൽ സാരമായ കുറവ് വന്നതായി അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആഞ്ചിയോ പ്ലാസ്റ്ററി ഇന്ന് സാധാരണമാണ്. 
സർക്കാർ ആശുപത്രികൾ കഴിഞ്ഞാൽ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ ഉൾപ്പടെ അവയവമാറ്റ ശസ്ത്രക്രിയകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നടക്കുന്നത് കോഴിക്കോട്ടെ "ഇഖ്റഅ" ഹോസ്പിറ്റലിലാണ്. അവിടെ ഒറ്റ വ്യവസ്ഥയേ ഉള്ളൂ. അവയവദാതാവ് അടുത്ത ബന്ധുവോ സുഹൃത്തോ ആയിരിക്കണം. പണം കൊടുത്ത് അവയവങ്ങൾ വാങ്ങി മാറ്റി വെക്കുന്ന കേസുകൾ "ഇഖ്റഇൽ" എടുക്കില്ല. വെറും മൂന്നുലക്ഷത്തിൽ താഴെയാണ് കിഡ്നി ട്രാൻസ്പ്ലാൻ്റേഷന് ഇവിടെ ഈടാക്കുന്നത്. 
കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഓർഫനേജിൻ്റെ ഉടമസ്ഥതയിലാണ് ഈ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. 
ജെ.ഡി.റ്റിയെ ഒരു അനാഥാലയത്തിൻ്റെ സ്ഥാനത്തു നിന്ന് വിവിധ സ്ഥാപനങ്ങളുടെ വിപുലമായ ഉടമസ്ഥാവകാശത്തിലേക്ക് ഉയർത്തിയതിൽ മുഖ്യപങ്കു വഹിച്ച ഹസ്സൻ ഹാജിയെ ആദരവോടെ ഞാനോർത്തു. ഡോ: അൻവർ അംഗമായ ഇപ്പോഴത്തെ കമ്മിറ്റിയും മികച്ച നിലയിലാണ് ജെ.ഡി.റ്റിയെ മുന്നോട്ട് വഴി നടത്തുന്നത്. ഇഖ്റഇനെ പോലുള്ള ഹോസ്പിറ്റലുകൾക്ക് അവരുടെ ചാരിറ്റിയെ അടിസ്ഥാനമാക്കി കുറഞ്ഞ നിരക്കിൽ പല കമ്പനികളും മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന കാര്യവും റഷീദ് അനുസ്മരിച്ചു. സാധാരണക്കാരെ സഹായിക്കാൻ നമ്മൾ തയ്യാറായാൽ നമ്മളെ സഹായിക്കാൻ പല ദിക്കുകളിൽ നിന്നും കൈകൾ നീണ്ടുവരും. ജെ.ഡി.റ്റി ഓർഫനേജിൻ്റെയും തിരൂരങ്ങാടി അനാഥാലയത്തിൻ്റെയും അനുഭവങ്ങൾ അതാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios