കുവൈത്തിന്‍റെ ദേശീയ റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചതിൽ നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത് സംതൃപ്തി പ്രകടിപ്പിച്ചു. കുവൈത്തിന്റെ നാലാമത്തെ ദേശീയ റിപ്പോർട്ടാണ് ഏകകണ്ഠമായി അംഗീകരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ മനുഷ്യാവകാശങ്ങൾ ഭരണഘടനയും നിലവിലുള്ള നിയമങ്ങളും അനുസരിച്ച് സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത്. പണ്ടുമുതലേ പ്രഥമ പരിഗണന നല്‍കിവന്നിരുന്ന, മനുഷ്യാവകാശം ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഒരു പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ അവസാന സമ്മേളനത്തിൽ ഏകദേശം 115 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഈ സമ്മേളനത്തിൽ കുവൈത്തിന്‍റെ ദേശീയ റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കുവൈത്തിന്റെ നാലാമത്തെ ദേശീയ റിപ്പോർട്ടാണ് ഏകകണ്ഠമായി അംഗീകരിച്ചത്. പ്രത്യേകിച്ച് നിലവിലെ ഗവൺമെന്റിന്റെ ഹ്രസ്വ ഭരണകാലയളവിനുള്ളിൽ, റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ, പ്രത്യേകിച്ചും പൗരത്വം, പൗരാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമീപകാലത്ത് കൈവരിച്ച പുരോഗതിയുടെ വ്യാപ്തിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

