തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ ഐഡി കാർഡുള്ള പ്രവാസികൾക്ക് ഇനി കുവൈറ്റ് എയർവേയ്സിൽ ഇളവ് നേടാം. ഏഴ് ശതമാനം ഇളവാണ് നോർക്ക ഫെയറിലൂടെ പ്രവാസികൾക്ക് ലഭിക്കുക. ഇതുസംബന്ധിച്ച ധാരണപത്രം നോ‍ർക്ക റൂട്ട്സും കുവൈറ്റ് എയർവയ്സും ഒപ്പിട്ടു.

അമിത വിമാനയാത്രനിരക്കിൽ നട്ടംതിരിയുന്ന പ്രവാസികൾക്ക് ആശ്വാസമാണ് തീരുമാനം. നോര്‍ക്ക ഐഡി കാര്‍ഡുണ്ടെങ്കിൽ ഇനി പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ടിക്കറ്റ് വിലയിൽ ഏഴ് ശതമാനം ഇളവ് ലഭിക്കും.  ഫെബ്രുവരി 20 മുതലാണ് ആനുകൂല്യം.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് നോർക്ക സി ഇ ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്സ് സെയില്‍സ് മാനേജര്‍ സുധീര്‍മേത്തയും  ധാരണപത്രം ഒപ്പിട്ടത്.

കുവൈറ്റ് എയര്‍വേയ്സിന്‍റെ വെബ്സെറ്റിലൂടെയും സെയില്‍സ് ഓഫീസുകള്‍ മുഖേനയും ഈ ആനുകൂല്യത്തോടെ  ടിക്കറ്റെടുക്കാം.  ഇതിനായി NORKA20 എന്ന പ്രമോ കോഡ് ഉപയോഗിക്കണം. നേരത്തെ ഒമാന്‍ എയര്‍വേയ്സുമായും നോർക്ക റൂട്ട്സിന് ധാരണയുണ്ടായിരുന്നു.  ഈ ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.