കുവൈത്ത് സിറ്റി:  കുവൈത്ത് എയര്‍വേയ്‍സിന്റെ സൗദി സര്‍വീസുകള്‍ ഒക്ടോബര്‍ 25ന് തുടങ്ങുമെന്ന് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സെപ്‍തംബര്‍ മുതലാണ് കുവൈത്ത് പുനഃരാരംഭിച്ചത്. 

നിലവില്‍ 34 രാജ്യങ്ങളിലേക്ക് കുവൈത്ത് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നിലനില്‍ക്കുകയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ പ്രത്യേക പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.