കുവൈത്തിലെ ഖൈത്താനിൽ വിവിധ സർക്കാർ ഏജൻസികൾ നടത്തിയ സംയുക്ത പരിശോധനയിൽ 80 നിയമലംഘകർ പിടിയിലായി. വിസ ചട്ടങ്ങൾ ലംഘിച്ചവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ് അറസ്റ്റിലായത്. കൂടാതെ നിയമവിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ സുരക്ഷാ ഡയറക്ടറേറ്റും വിവിധ സർക്കാർ ഏജൻസികളും ചേർന്ന് ഖൈത്താൻ പ്രദേശത്ത് നടത്തിയ സംയുക്ത പരിശോധനയിൽ 80 നിയമലംഘകർ പിടിയിലായി. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഏകദേശം ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫൈസൽ അൽ-റബ്ബ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ-സോല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജനറൽ ഫയർ ഫോഴ്സ്, വൈദ്യുതി മന്ത്രാലയം, മാൻപവർ അതോറിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കുവൈറ്റ് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ സംയുക്ത നടപടി.
പരിശോധനയിൽ സ്പോൺസർഷിപ്പ് നിയമങ്ങൾ ലംഘിച്ചും കാലാവധി കഴിഞ്ഞും കഴിഞ്ഞിരുന്ന 65 പ്രവാസികളും, രാജ്യത്ത് പ്രവേശന വിലക്കുള്ള ഒരാളും, സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ 7 പേരും പിടിയിലായി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരും, ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് കുടുംബ സ്പോൺസർഷിപ്പിൽ കഴിയുന്ന ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിലായവരിലുണ്ട്. മദ്യലഹരിയിലായിരുന്ന ഒരാൾ, ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു വ്യക്തി, മോഷണക്കേസിൽ അന്വേഷണത്തിലുണ്ടായിരുന്ന ഒരാൾ എന്നിവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
ഇതിനുപുറമെ വിവിധ വകുപ്പുകളിലായി 44 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 33 വാഹനങ്ങൾ കണ്ടുകെട്ടുകയും, വിശ്വാസവഞ്ചനാ കേസുമായും മോഷണക്കേസുമായും ബന്ധപ്പെട്ട മറ്റ് രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


