കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. ശനിയാഴ്‍ച രാവിലെ മുതലാണ് ചിലയിടങ്ങളില്‍ സേവനം പൂര്‍ണമായി നിലയ്‍ക്കുകയോ അല്ലെങ്കില്‍ വേഗത കാര്യമായി കുറയുകയോ ചെയ്‍തത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കേബിളുകള്‍ക്കുണ്ടായ തകരാറാണ് പ്രശ്‍നങ്ങള്‍ക്കിടയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്റര്‍നാഷണല്‍ കണക്ഷന്‍സ് അതോരിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ പ്രശ്‍നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കുവൈത്ത് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി അറിയിച്ചത്. രാജ്യത്തെ 60 ശതമാനത്താളം ഇന്റര്‍നെറ്റ് സേവനങ്ങളെ തകരാര്‍ ബാധിച്ചുവെന്നും മണിക്കൂറുകള്‍ക്കകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉമ്മുല്‍ ഹയ്‍മാന്‍ എക്സ്ചേഞ്ച് മുതല്‍ നുവൈസിബ് ബോര്‍ഡര്‍ സെന്റര്‍ വരെയുള്ള പ്രശ്‍നങങള്‍ പരിഹരിച്ചുകഴിഞ്ഞിട്ടുണ്ട്. നിരവധി സ്ഥലങ്ങളിലെ നെറ്റ്‍വര്‍ക്ക് കേബിളുകള്‍ തകരാറിലായിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.