34 കിലോ ലഹരിവസ്തുക്കളും 10,000 ലിറിക്ക ഗുളികകളും ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ജഹ്റ ഗവർണറേറ്റിലെ അൽ ഓയൂൻ പ്രദേശത്ത് നടത്തിയ സുരക്ഷാ ഓപ്പറേഷനിൽ 34 കിലോ ലഹരിവസ്തുക്കളും 10,000 ലിറിക്ക ഗുളികകളും ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. സംഭവത്തിൽ മർധി സായിർ മജ്ഹൂൽ അൽ ഷമ്മാരി എന്നയാളെയും ഒരു ബിദൂനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ സെൻട്രൽ ജയിലിൽ കഴിയുന്ന അഹമ്മദ് ഹുസൈൻ ഖാത് ജാബർ റൂമി എന്നയാളാണ് തന്‍റെ പങ്കാളിയെന്ന് അൽ ഷമ്മാരി വെളിപ്പെടുത്തി. തുടർന്ന് അഹമ്മദിനെ പൊലീസ് വിളിച്ചുവരുത്തുകയും പിടിച്ചെടുത്ത വസ്തുക്കൾ കൈവശം വെച്ചതും വിൽക്കാൻ ഉദ്ദേശിച്ചതും താനാണെന്ന് ഇയാൾ സമ്മതിക്കുകയുമാിരുന്നു. 30 കിലോ രാസവസ്തുക്കൾ, 3 കിലോ മെത്ത് (ഷാബു), 1 കിലോ ഹഷീഷ്, 10,000 ലിറിക്ക ഗുളികകൾ, ലൈസൻസില്ലാത്ത 2 തോക്കുകൾ, വെടിയുണ്ടകൾ, 2 ഡിജിറ്റൽ വെയിങ് മെഷീനുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
