കുവൈത്ത് സിറ്റി: ഗുരുതരമായ ഗതാഗത നിയമസംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കുവൈത്ത് ട്രാഫിക് കോടതി. അഞ്ച് പേര്‍ക്ക് ഒരു മാസം ജയില്‍ ശിക്ഷക്ക് പുറമെ വാഹനങ്ങള്‍ രണ്ട് മാസത്തേക്ക് പിടിച്ചുവെയ്ക്കാനും ഓരോരുത്തരും 100 ദിനാര്‍ വീതം പിഴയടക്കാനുമാണ് കോടതി ഉത്തരവിട്ടത്. ഗതാഗത വകുപ്പിലെ വയലേഷന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റും ട്രാഫിക് വയലേഷന്‍സ് ക്ലെയിം യൂണിറ്റുമാണ് ഇവരെ പിടികൂടി ട്രാഫിക് കോടതിയിലെത്തിച്ചത്.

അനുമതിയില്ലാതെ പൊതുനിരത്തില്‍ റേസിങ് നടത്തുക, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുക എന്നിങ്ങനെ മറ്റുള്ളവരുടെ ജീവന് ഭീഷണിയായ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ ചെയ്‍തതെന്ന് സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു. നിയമലംഘനത്തിന്റെ രേഖകള്‍ ട്രാഫിക് വയലേഷന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോസിക്യൂഷന്‍ വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ രണ്ട് ദിവസമായി കസ്റ്റഡിയിലായിരുന്നു.

അതേസമയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 1342 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിന് 423 പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 411 പേരും വിലക്കുള്ള സമയങ്ങളില്‍ ട്രക്കുകള്‍ ഓടിച്ചതിന് 255 പേരുമാണ് പിടിയിലായത്. പൊലീസ് പട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ 253 ഗതാഗത നിയമലംഘകരെയും കണ്ടെത്തി.