കുവൈത്ത് സിറ്റി: കുവൈത്തില്‍ 11,000 പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരം നല്‍കിയില്ല. എഞ്ചിനീയേഴ്സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ അല്‍ അതാല്‍ അറിയിച്ചതാണിക്കാര്യം. 2018 മാര്‍ച്ച് മുതലാണ് കുവൈത്തില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എഞ്ചിനീയേഴ്സ് സൊസൈറ്റി പരിശോധിക്കാന്‍ തുടങ്ങിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരമാണ്, 11,000 പേര്‍ക്ക് അംഗീകാരം നല്‍കാതെ തള്ളിയത്.

കുവൈത്തില്‍ എഞ്ചിനീയറിങ് തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ ഇഖാമ പുതുക്കണമെങ്കില്‍, തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സില്‍ സമര്‍പ്പിച്ച് എന്‍.ഒ.സി വാങ്ങേണ്ടതുണ്ട്.  സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് സൊസൈറ്റിക്ക് ഉള്ളത്. കുവൈത്ത് സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമേ ഇങ്ങനെ എന്‍.ഒ.സി ലഭിക്കൂ.

ഇന്ത്യയില്‍ നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അംഗീകാരമാണ് കുവൈത്ത് പരിഗണിക്കുന്നത്. എന്‍.ബി.എ അക്രഡിറ്റേഷനില്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരെ കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റി യോഗ്യതയുള്ള എഞ്ചിനീയര്‍മാരായി കണക്കാക്കുകയില്ല. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധിപ്പേരാണ് പ്രതിസന്ധിയിലായത്. ഒന്നുകില്‍ നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ മറ്റ് തസ്‍തികകളിലേക്ക് മടങ്ങുകയോ മാത്രമാണ് ഇവര്‍ക്കുള്ള പോംവഴി.