കുവൈത്തിൽ ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു. എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും, റസിഡൻസ് അഫയേഴ്സ് വകുപ്പിൽ നേരിട്ട് പോകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. 

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം അടച്ചതും കണക്കിലെടുത്ത് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി സമയം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദർശകരും സ്പോൺസർമാരും നിയമപ്രശ്നങ്ങളിൽപ്പെടാതിരിക്കാനാണ് ഈ തീരുമാനം എടുത്തത്. എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും, റസിഡൻസ് അഫയേഴ്സ് വകുപ്പിൽ നേരിട്ട് പോകേണ്ടതില്ലെന്നും കുവൈത്ത് ടി.വിയിൽ സംസാരിച്ച സുരക്ഷാ മീഡിയ ഡയറക്ടർ കർണൽ ഉസ്മാൻ അൽ-ഘരീബ് പറഞ്ഞു.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി സന്ദർശക വിസയിലുള്ളവർക്ക് നേരത്തെ അധികൃതർ ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചിരുന്നു. ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള വിസിറ്റ് വിസകൾക്കും ഒരു മാസം കാലാവധി നീട്ടി ലഭിക്കും. ഇത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വമേധയാ പ്രാബല്യത്തിൽ വരും. അതിനാൽ റെസിഡൻസി കാര്യാലയങ്ങളിൽ നേരിട്ട് പോകേണ്ടതില്ല. ഈ കാലയളവിൽ പിഴകളും ഫീസുകളും പൂര്‍ണമായി ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു. രാജ്യത്തിന് പുറത്തുള്ള കുവൈത്ത് റെസിഡെൻസിയുള്ളവരിൽ, അനുവദിച്ചിരുന്ന അഭാവകാലം കഴിഞ്ഞിട്ടും തിരികെ വരാൻ കഴിയാത്തവർക്ക് അധിക 3 മാസത്തെ അനുമതി നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഇതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ലഭിക്കുക. രാജ്യത്തെ സാഹചര്യം അനുസരിച്ച് ഈ കാലാവധി കൂടുതൽ നീട്ടാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.