കുവൈത്ത് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രേഖകളുടെ കാലാവധി അവസാനിച്ചവര്‍ക്ക് അത് ശരിയാക്കാനുള്ള അന്തിമ തീയ്യതി ജനുവരി 31ന് അവസാനിക്കും. ഈ അവസരം ദീര്‍ഘിപ്പിച്ചുനല്‍കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

രണ്ട് മാസം സമയം നല്‍കിയിട്ടും രേഖകള്‍ ശരിയാക്കാന്‍ തയ്യാറാവാത്ത താമസ നിയമലംഘകര്‍ക്കെതിരെ ജനുവരി 31ന് ശേഷം അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതുവരെ അയ്യായിരത്തോളം പേര്‍ മാത്രമാണ് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കിയിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേര്‍ അവസരം ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താന്‍ തയ്യാറാവാതെ രാജ്യത്ത് തുടരുന്നുണ്ടെന്നാണ് അധികൃതരുടെ കണക്ക്.