കുവൈത്ത് സിറ്റി: പെട്രോളിയം മേഖലയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ജോലിയില്‍ പ്രവേശിച്ചവരെ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി ഖാലിദ് അല്‍ ഫാദില്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി നേടിയവരെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

ഗ്രീസിലെ ഏതന്‍സ് സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പെട്രോളിയം മേഖലയില്‍ ജോലി ചെയ്യുന്നവരെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായത്. പെട്രോളിയം, വൈദ്യുതി മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പരിശോധിച്ച് സാധുത ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഓഡിറ്റ് ബ്യൂറോയിലെ ചില ജീവനക്കാര്‍ ഏതന്‍സിലെ അമേരിക്കന്‍ യൂണിവേഴിസിറ്റിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവരാണെന്ന ആരോപണം ഓഡിറ്റ് ബ്യൂറോ നിഷേധിച്ചു. എല്ലാ നിബന്ധനകളും പാലിച്ച് തന്നെയാണ് നിയമനങ്ങള്‍ നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.