കുവൈത്ത് സിറ്റി:  കുവൈത്തില്‍ 2370 തടവുകാര്‍ക്ക് മാപ്പ് നല്‍കി അമീറിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 958 പേര്‍ ജയില്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉടന്‍തന്നെ ജയില്‍ മോചിതരാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ളവര്‍ക്ക് ശിക്ഷാ ഇളവുകളും പിഴയിളവും അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ശിക്ഷാ ഇളവുകളും ജയില്‍ മോചനവും ഉള്‍പ്പെടെ ആകെ 2370 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ പരിശോധനകള്‍ നടത്തിയാണ് മോചനത്തിനുള്ള നടപടികള്‍ സ്വകരിച്ചത്. ജയില്‍വാസ കാലയളവിലെ ഇവരുടെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് തീരുമാനം.