കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ താമസ, സന്ദര്‍ശക വിസകളുടെയും കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ ദീര്‍ഘിപ്പിച്ച് നല്‍കിയ കാലാവധി ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാവാനിരിക്കവെയാണ് പുതിയ ഉത്തരവ്.

ഇത് മൂന്നാം തവണയാണ് കുവൈത്ത് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരെയും പിന്നീട് ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെയും കാലാവധി വീട്ടി. ഇപ്പോള്‍ ദീര്‍ഘിപ്പിക്കുന്നത് പ്രകാരം നവംബര്‍ 30 വരെയായിരിക്കും വിസാ കാലാവധി. പ്രത്യേക അപേക്ഷകളൊന്നും നല്‍കാതെ സ്വമേധയാ തന്നെ വിസകളുടെ കാലാവധി ദീര്‍ഘിപ്പിക്കപ്പെടും. കൊവിഡ് വ്യാപനം കാരണമായുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്തും  പ്രവാസികളോടുള്ള മാനുഷിക പരിഗണനയും മുന്‍നിര്‍ത്തിയാണ് തീരുമാനം. സന്ദര്‍ശക വിസകളില്‍ രാജ്യത്ത് പ്രവേശിച്ച ശേഷം വിസാ കാലവധി കഴിഞ്ഞവര്‍ക്കും കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ ഇവര്‍ക്ക് താമസ വിസയിലേക്ക് മാറാനാവില്ല.