കുവൈറ്റ് സിറ്റി: ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടി കുവൈറ്റില്‍ നിന്നുള്ള വിമാനക്കമ്പനികള്‍. കുവൈറ്റ് എയര്‍ലൈന്‍സിന് പുറമെ ബ‍ജറ്റ് എയര്‍ലൈനായ ജസീറ എയര്‍വേയ്സുമാണ് കൂടുതല്‍ സര്‍വീസുകള്‍ക്ക് താല്‍പര്യം അറിയിച്ചത്.

നിലവില്‍ രണ്ട് കമ്പനികള്‍ക്കുമായി പ്രതിവാരം 12,000 സീറ്റുകള്‍ക്കാണ് അനുമതിയുള്ളത്. ഇത് മുഴുവനായി ഉപയോഗിക്കുന്നുമുണ്ട്. ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ജസീറ എയര്‍വേയ്സിന് നേരിട്ട് സര്‍വീസുകളുള്ളത്. ഡിസംബര്‍ 15 മുതല്‍ ദില്ലിയില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. ഇതില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് എല്ലാ ദിവസവും വിമാനങ്ങളുള്ളത്.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 70 ശതമാനം പേരും ഡയറക്ട് റൂട്ടുകളില്‍ യാത്ര ചെയ്യുവന്നവരാണ്. കുവൈറ്റ് വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരാണ് 20 ശതമാനം. 10 ശതമാനം പേര്‍ കുവൈറ്റ് വഴി മറ്റ് രാജ്യങ്ങളിലേക്കും പോകുന്നു. 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് പരിഗണിക്കുമ്പോള്‍ നിലവിലെ സീറ്റുകള്‍ അപര്യാപ്തമാണെന്ന് കമ്പനികള്‍ പറയുന്നു. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയാല്‍ സര്‍വീസ് ആരംഭിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് കുവൈറ്റ് എയര്‍ലൈന്‍സും ജസീറ എയര്‍വേയ്സും അറിയിച്ചിരിക്കുന്നത്.