കുവൈത്ത് സിറ്റി: വിമാന യാത്രാ വിലക്ക് കാരണം രാജ്യത്തേക്ക് മടങ്ങിവരാനാവാത്ത പ്രവാസി അധ്യാപകരുടെ വിസ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചു. ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനമെടുത്തത്. നേരത്തെ അധ്യാപകര്‍ക്ക് വിസ പുതുക്കുന്നതിന് പണമടയ്ക്കാനായി നല്‍കിയിരുന്ന ലിങ്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിങ്കുകള്‍ പരസ്യമായതോടെ ഇവ ദുരുപയോഗം ചെയ്യപ്പെടാനോ ഇത് ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെടാനോ ഉള്ള സാധ്യതകള്‍ പരിഗണിച്ചാണ് നടപടി. പകരം അധ്യാപകര്‍ക്ക് രാജ്യത്തെത്താന്‍ മറ്റ് സംവിധാനങ്ങളൊരുക്കാനാണ് ആലോചന. രാജ്യത്തിന് പുറത്തുനിന്ന് വിസ പുതുക്കാന്‍ അവസരം നല്‍കുന്നതിന് പകരം ഇവര്‍ക്ക് സര്‍ക്കാര്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് രാജ്യത്തെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി സെപ്‍തംബറിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.  2020-21 അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ അധ്യാപകരുടെ ക്ഷാമമുണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണ് അധികൃതര്‍.