കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള അവിദഗ്ധ തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത് മാന്‍ പവര്‍ അതോരിറ്റി അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും രാജ്യത്തെ ജനസംഖ്യാ അനുപാതം ക്രമീകരിക്കന്നതിന്റെ ഭാഗമായുമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളെ ഈ തീരുമാനം ഒരുതരത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ്, സ്‍പെഷ്യലിസ്റ്റുകള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, പ്രൈവറ്റ് കമ്പനി പാര്‍ട്ണര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ക്ക് രാജ്യത്ത് തുടരാം. തൊഴില്‍ വിപണിയിലുള്ള ഇവരുടെ സ്വാധീനം കണക്കിലെടുത്ത് ഇവര്‍ക്ക് ഇളവ് നല്‍കും. ക്ലെറിക്കല്‍ സ്റ്റാഫ്, ഡ്രൈവര്‍മാര്‍, കമ്പനി റെപ്രസന്റേറ്റീവ് തുടങ്ങിയവരെയാണ് പുതിയ തീരുമാനം ബാധിക്കുക. 60 വയസിന് മുകളിലുള്ളവരേക്കാള്‍ ഈ മേഖലകളില്‍ കൂടുതല്‍ യുവാക്കളെ നിയമിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.