കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലെ വീഴ്ചകൾ കാരണം കുവൈത്തിൽ 11 എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സെൻട്രൽ ബാങ്കിന്റെ നിബന്ധനകൾക്കനുസരിച്ച് സുരക്ഷാ സംവിധാനങ്ങൾ നവീകരിച്ചാൽ മാത്രമേ ഇവർക്ക് പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കൂ. രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ കർശന പരിശോധന ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയൽ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 11 എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം കുവൈത്ത് റഗുലേറ്ററി അധികൃതർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

നിയമവിരുദ്ധവും സംശയാസ്പദവുമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളം കടുത്ത പരിശോധനകളാണ് അധികൃതർ നടത്തുന്നത്. സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സെൻട്രൽ ബാങ്ക് നിർദ്ദേശപ്രകാരം പരിഷ്കരിക്കുന്നത് വരെയാണ് വിലക്ക്. ഘട്ടങ്ങളായാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. സസ്പെൻഷൻ നിലവിൽ വരുന്നതിന് മുമ്പ് പ്രോസസ്സ് ചെയ്ത ഇടപാടുകളുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ അനുമതിയുണ്ട്.

പണമയക്കുന്ന ആളുടെയും യഥാർത്ഥ ഗുണഭോക്താവിന്റെയും വിവരങ്ങൾ കൃത്യമായി പരിശോധിക്കുക, സംശയാസ്പദമായ തുക കൈമാറ്റങ്ങൾ കണ്ടെത്തുന്നതിന് 'ഏർലി വാണിംഗ്' സംവിധാനങ്ങൾ സജ്ജമാക്കുക എന്നിവ കമ്പനികൾ നിർബന്ധമായും പൂർത്തിയാക്കണം. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ നിർദ്ദേശപ്രകാരം സാമ്പത്തിക ഉപരോധമോ സ്വത്ത് കണ്ടുകെട്ടലോ നേരിടുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ യാതൊരുവിധ ധനകാര്യ സേവനങ്ങളും നൽകുന്നില്ലെന്ന് എക്സ്ചേഞ്ചുകൾ ഉറപ്പാക്കണം. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നിലവിൽ 33 ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളാണ് പ്രവർത്തിക്കുന്നത്. വിദേശങ്ങളിലേക്ക് പണമയക്കുന്ന പ്രവാസികൾ അംഗീകൃതവും സുരക്ഷിതവുമായ മാർഗ്ഗങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.