കുവൈത്ത് സിറ്റി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ അധ്യാപികയ്ക്ക് കുവൈത്ത് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മറ്റൊരു അറബ് രാജ്യത്ത് നിന്ന് നേടിയ ബിരുദമെന്ന പേരില്‍ ഇവര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റായിരുന്നു. പരിശോധനയ്ക്കിടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കോടതിയില്‍ വിചാരണ നടന്നു. വിദേശ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടിയെന്നായിരുന്നു ഇവരുടെ അവകാശവാദമെങ്കിലും ഇവര്‍ കുവൈത്തില്‍ നിന്ന് പുറത്തുപോവുകപോലും ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.