കുവൈത്തിൽ ട്രാഫിക് നിയമലംഘകർക്കെതിരെ കർശന നടപടി. നിയമം തെറ്റിച്ചാൽ 60 ദിവസം വാഹനം കസ്റ്റഡിയിലെടുക്കും. വെറും ഏഴ് ദിവസത്തിനുള്ളിൽ ഓവർടേക്കിംഗുമായി ബന്ധപ്പെട്ടും മനഃപൂർവം ഗതാഗത തടസ്സമുണ്ടാക്കിയതുമായി ബന്ധപ്പെട്ടും  4,500 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍. പ്രധാന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് കർശന നടപടിക്ക് തുടക്കമിട്ടു. പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഇതിനകം ആയിരക്കണക്കിന് ഡ്രൈവർമാര്‍ക്ക് ശിക്ഷ ലഭിച്ചു. വെറും ഏഴ് ദിവസത്തിനുള്ളിൽ ഓവർടേക്കിംഗുമായി ബന്ധപ്പെട്ടും മനഃപൂർവം ഗതാഗത തടസ്സമുണ്ടാക്കിയതുമായി ബന്ധപ്പെട്ടും ഏകദേശം 4,500 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച മാത്രം 823 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ട്രാഫിക്, റെസ്ക്യൂ, പബ്ലിക് സെക്യൂരിറ്റി വിഭാഗങ്ങളുടെ പട്രോളിംഗും, പ്രധാന റോഡുകളിലും ആശുപത്രികൾ പോലുള്ള സുപ്രധാന സ്ഥാപനങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ അത്യാധുനിക ക്യാമറകളുമാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം താഴെ പറയുന്ന നാല് ഗുരുതരമായ നിയമലംഘനങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടും;

  • ഓവർടേക്കിംഗ് നിയമലംഘനങ്ങൾ.
  • മനഃപൂർവമുള്ള ഗതാഗത തടസ്സം.
  • പൊതുനിരത്തുകളിലെ ഗതാഗതം മനഃപൂർവം തടസ്സപ്പെടുത്തൽ.
  • നോ-പാർക്കിംഗ് സോണുകളിൽ വാഹനം നിർത്തൽ.

ഈ രണ്ട് മാസത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് കണ്ടുകെട്ടിയ ഒരു വാഹനവും വിട്ടുകൊടുക്കരുതെന്ന് സർക്കുലർ കർശനമായി നിഷ്കർഷിക്കുന്നു. നടപ്പാക്കലിൽ ഇളവുകൾ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.