കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കാന്‍ ശ്രമിക്കരുതെന്ന് സ്വദേശികളോടും പ്രവാസികളോടും കുവൈത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. നിയമലംഘനത്തിന് പ്രവാസികളെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകള്‍ ലഭിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഫ്യൂ നിയമം ലംഘിച്ചതിന് ഇതിനോടകം ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയമം ലംഘിക്കുന്ന സ്വദേശിളെ പിടികൂടി തുടര്‍നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും പ്രവാസികളെ നാടുകടത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വകുപ്പ് തലവന്‍ നാസര്‍ ബുസ്ലൈബ് പറഞ്ഞു.