കുവൈത്ത്: രണ്ടായിരത്തി ഇരുപത്തൊന്ന് മുതൽ മൂല്യവർധിത നികുതി ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയ്ക്കാകും തുടക്കത്തിൽ നികുതി ഏർപ്പെടുത്തുകയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
 
ഒടുവിൽ നികുതി ഏർപ്പെടുത്താൻ കുവൈത്തും ഒരുങ്ങുന്നു. മൂല്യവർധിത നികുതി ഏർപ്പെടുത്തണ മെന്ന ജിസിസിയുടെ തീരുമാനത്തിൻറെ  ചുവട് പിടിച്ചാണ് പുതിയ നീക്കം. സൗദിയും, യുഎഇയും കഴിഞ്ഞ വർഷം വാറ്റ് നടപ്പിലാക്കിയിരുന്നു.  2021-22 സാമ്പത്തിക വർഷം മുതൽ വാറ്റ് നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം. 

പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയ്ക്കാകും തുടക്കത്തിൽ നികുതി ഏർപ്പെടുത്തുക. എന്നാൽ നികുതി ഏർപ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർലമെന്റിനെ മറികടന്ന് വാറ്റ് നടപ്പിലാക്കുക ദുഷ്ക്കരമാകും. 

കൂടുതൽ എണ്ണയിതര വരുമാനങ്ങളിലൂടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താൻ വാറ്റ് ഉൾപ്പെടെ യുള്ള കാര്യങ്ങൾ അനിവാര്യമാണെന്ന് പാർലമെൻറിനെ ബോധ്യപ്പെടുത്താനാകും സർക്കാർ ശ്രമം.  വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശവും സർക്കാരിന്റെ പരിഗണനയിലാണ്.