കുവൈത്ത്: കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ തിരിച്ച് കൊണ്ടുവരാനൊരുങ്ങി 
കുവൈത്ത് ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വിദേശ കാര്യമന്ത്രാലയത്തിനും മന്ത്രിസഭയ്ക്കും ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി അയച്ചു.

കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ എത്രയും പെട്ടന്ന് കുവൈത്തിലേക്ക് തിരിച്ച് കൊണ്ടുവരാനൊരുങ്ങുകയാണ് ആരോഗ്യമന്ത്രാലയം. അഞ്ഞൂറോളം ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും, നഴ്സുമാരും വിദേശത്ത് കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷനുമായുള്ള സഹകരണത്തിലൂടെ ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 34 രാജ്യങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും കുടുങ്ങിക്കിടക്കുന്നത്. ജൂണ്‍ മാസത്തില്‍  ഇന്ത്യയില്‍ നിന്ന് 658 ആരോഗ്യപ്രവര്‍ത്തകര്‍ കുവൈത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിക്കാന്‍ നിര്‍ദേശം ലഭിച്ചതായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് സാലിഹ് അല്‍ ഫദാഗി അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഫദാഗി വ്യക്തമാക്കി. രാജ്യത്ത് തിരികെ എത്തുന്നതിന് മുമ്പേ 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.