കുവൈത്ത് സിറ്റി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ മുഴുവന്‍ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട നടിയ്ക്കെതിരെ വ്യാപക വിമര്‍ശനം. കുവൈത്തിലെ ആശുപത്രികളെല്ലാം വിദേശികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അതുകൊണ്ട് അധികൃതര്‍ ഇടപെട്ട് അവരെ എത്രയും വേഗം നാട്ടിലേക്ക് അയക്കണമെന്നുമായിരുന്നു 71കാരിയായ ഹയാത്ത് അല്‍ ഫഹദ് അഭിപ്രായപ്പെട്ടത്. എന്നാല്‍ മനുഷ്യത്വ രഹിതമായ നടിയുടെ വാക്കുകള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.  സ്വദേശികളുള്‍പ്പെടെ ഇവര്‍ക്കെതിരെ രംഗത്തെത്തി.

കുവൈത്തി ടെലിവിഷന്‍ ചാനലായ എടിവിയില്‍ ഒരു ടെലിഫോണ്‍ ചര്‍ച്ചയിലായിരുന്നു നടിയുടെ വിവാദ പരാമര്‍ശങ്ങള്‍. 'ഞങ്ങള്‍ മടുത്തു. അസുഖം വന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ ആശുപത്രികളില്ല. പ്രവാസികളുടെ സ്വന്തം രാജ്യങ്ങള്‍ക്ക് അവരെ വേണ്ടെങ്കില്‍ ഞങ്ങള്‍ സംരക്ഷിക്കണോ? പ്രതിസന്ധി ഘട്ടത്തില്‍ ഇവര്‍ക്ക് രാജ്യം വിട്ടുകൂടേ? നടി ചോദിച്ചു. അല്‍പം കൂടി കടന്ന്, പ്രവാസികളെയെല്ലാം മരുഭൂമിയില്‍ ഉപേക്ഷിക്കണമെന്നും അല്‍ ഫഹദ് പറഞ്ഞു.

 

അഭിമുഖം പുറത്തുവന്നതോടെ നടിയുടെ ആരാധകരടക്കം രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത വാക്കുകളെന്ന് പലരും വിമര്‍ശിച്ചപ്പോള്‍, പ്രവാസികളുടെ തൊഴില്‍ ബലത്തിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നതെന്ന് ജനങ്ങള്‍ ഓര്‍മിപ്പിച്ചു.

 

മരുഭൂമിയില്‍ ഉപേക്ഷിക്കണമെന്ന് പറയുന്ന ഈ പ്രവാസികള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ നടിയ്ക്ക് ഭക്ഷണം പോലും കിട്ടില്ലായിരുന്നെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു. അതേസമയം ഈ ആരോപണം ഉന്നയിക്കുന്ന ഹയാത്ത് അല്‍ ഫഹദ് പോലും ഇറാഖില്‍ നിന്ന് വന്നയാളാണെന്നും അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ ഇറാഖി, ലെബനോന്‍ പൌരന്മാരായിരുന്നും ട്വീറ്റുകളുണ്ട്. 

ഇപ്പോള്‍ എത്ര കുവൈത്തി പൌരന്മാര്‍ രാജ്യത്തിന് പുറത്തുണ്ട്. അവരോടൊക്കെ ഇതേ സമീപം തന്നെ എല്ലാവരും സ്വീകരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ആലോചിക്കാനും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. 

43 ലക്ഷത്തോളം വരുന്ന കുവൈത്തി ജനസംഖ്യയില്‍ 70 ശതമാനത്തോളം പ്രവാസികളാണെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യക്കാരടക്കം നിരവധിപേര്‍ക്ക് കുവൈത്തില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ സ്വദേശികളായാലും വിദേശികളായാലും ഒരു വിവേചനവും കൂടാതെ സൌജന്യ ചികിത്സ നല്‍കുമെന്ന് കുവൈത്ത് ഭരണകൂടം  പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പറഞ്ഞത് വിവാദമായതോടെ നടി വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു. പക്ഷ തന്റെ വാക്കുകള്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പുറത്തുവന്നത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. സുഖമില്ലാതായാല്‍ പോകാന്‍ ആശുപത്രികളില്ല. അതുകൊണ്ട് പ്രവാസികളുടെ കാര്യത്തില്‍ രാജ്യത്തിന്റെ ഇടപെടല്‍ വേണമെന്നും അവര്‍ പറഞ്ഞു.