കുവൈത്ത് സിറ്റി: മാതാപിതാക്കളെയും ജോലിക്കാരിയെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആറുപത് വയസിലേറെ പ്രായമുള്ള മാതാപിതാക്കളെയാണ് കൊടു തണുപ്പില്‍ ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.

പിതാവ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് മകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സത്‍വ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി മകനെ അറസ്റ്റ് ചെയ്‍തു. പൊലീസ് എത്തിയ സമയത്തും യുവാവ് മയക്കുമരുന്നിന്റെ ലഹരിയായിരുന്നു. മെഡിക്കല്‍ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ ഏത് മയക്കുമരുന്നാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് വ്യക്തമാകൂ. ലഹരി വസ്‍തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിനാണ് മകന്‍ തങ്ങളോട് ക്രൂരമായി പെരുമാറിയതെന്ന് അച്ഛന്‍ പറഞ്ഞു.