കുവൈത്തികളുടെ റമദാൻ വൈകുന്നേരങ്ങളെ വ്യത്യസ്തമാക്കുന്ന ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും 'ഗബ്ക'. 

കുവൈത്ത് സിറ്റി: ഓരോ സമൂഹത്തിലും വ്യത്യസ്തങ്ങളായ നിരവധി സാമൂഹിക പാരമ്പര്യങ്ങളുമായും ആചാരങ്ങളുമായും വിശുദ്ധ റമദാൻ മാസം ബന്ധപ്പെട്ടിരിക്കുന്നു. അവയെല്ലാം സാമൂഹിക ഐക്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിശുദ്ധ മാസത്തിന്‍റെ വരവ് സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കുന്ന സാമൂഹിക ഒത്തുചേരലുകളിൽ ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ജീവിതത്തിലെ വിവിധ തിരക്കുകൾ കാരണം ബന്ധവും സൗഹൃദവും നഷ്ടപ്പെട്ടവരെ ഒരുമിച്ച് ചേർക്കുകയും ചെയ്യുന്നു.

പുരാതന കാലം മുതൽ മറ്റ് ഗൾഫ്, അറബ് സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്ന നിരവധി നല്ല ആചാരങ്ങൾ കുവൈത്തികൾക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മതവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, ഈ പാരമ്പര്യങ്ങളിൽ റമദാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തലമുറകളായി സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അനുകമ്പ, ഐക്യം, കുടുംബ ഐക്യദാർഢ്യം എന്നിവ വളർത്തുന്ന പരമ്പരാഗത റമദാൻ 'ഗബ്ക' അത്തരം പാരമ്പര്യങ്ങളിൽ ഉൾപ്പെടുന്നു.

ഇത് രാജ്യത്തെ ജനങ്ങളിൽ തലമുറകളായി കൈമാറി വന്നിട്ടുണ്ട്. വ്യത്യസ്ത രീതികളിലും രൂപങ്ങളിലും അവർ അത് സംരക്ഷിക്കുന്നത് തുടരുന്നു. കുവൈത്തികളുടെ റമദാൻ വൈകുന്നേരങ്ങളെ വ്യത്യസ്തമാക്കുന്ന ഒരു ആഘോഷമാണിത്. വിശുദ്ധ മാസത്തിന്‍റെ വരവിൽ അവരെ ആശംസകൾ അറിയിക്കാൻ വരുന്ന കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും വേണ്ടി തറാവീഹ് പ്രാർത്ഥനകൾക്ക് ശേഷം നടത്തുന്ന ഒരു വിരുന്നാണ് 'ഗബ്ക'.

കഴിഞ്ഞ ദിവസം വേൾഡ് ബാങ്ക്, കുവൈത്തിലെ സെന്‍റ് റെജിസ് ഹോട്ടലിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ 'ഗബ്ക' പങ്കെടുത്ത അതിഥികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ അബാസഡർ ഡോ. ആദർശ് സ്വൈകയുൾപ്പടെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരുടെയും, ശൈഖുമാരുടെയും ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും സാന്നിധ്യത്തിൽ വേൾഡ് ബാങ്ക് കുവൈത്ത് പ്രതിനിധി ഡോ. സിയാദ് നകാത് റമദാൻ ഗബ്‌കയ്ക്ക് ആതിഥേയത്വം വഹിച്ചു. ഡോ. സിയാദ് നകാത് വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ കുവൈറ്റ് റസിഡന്റ് പ്രതിനിധിയാണ്. അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകളിൽ 20 വർഷത്തിലേറെ പരിചയമുള്ള സിയാദ്, അതിൽ 15 വർഷത്തിലേറെ ലോകബാങ്കിൽ പ്രവർത്തിച്ചു. യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 40 രാജ്യങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

(ചിത്രം- ഗബ്കയിൽ പങ്കെടുത്ത അതിഥികൾ സൗഹൃദ സംഭാഷണങ്ങളും ആശംസകളും കൈമാറുന്നു)

റമദാൻ മാസത്തിലെ ഗബ്ക കുവൈത്ത് ജനതയെ ഒന്നിപ്പിക്കുന്ന, ആഴത്തിലുള്ള സാഹോദര്യ ബന്ധങ്ങളെയും സുഹൃദ് ബന്ധങ്ങളെയും കൂട്ടിച്ചേര്‍ക്കുന്ന സംസ്കാരത്തിന്റെ ഭാഗമായ ഒരു ചടങ്ങാണെന്നും എല്ലാവര്ക്കും ഈ പുണ്യമാസത്തിന്റെ ആശംസകൾ നേരുന്നതായും ഡോ. സിയാദ് നകാത് 'ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ' പ്രതിനിധിയോട് പറഞ്ഞു.

ഗബ്കയിൽ പങ്കെടുത്തവർ സൗഹൃദ സംഭാഷണങ്ങളും ആശംസകളും കൈമാറി. അറബ് പരമ്പരാഗത സംഗീതോപകരണമായ ഊദിൽ നിന്നുള്ള മനോഹരമായ ഈരടികൾ ചടങ്ങിന് മിഴിവേകി. തുടർന്ന് വിഭവ സമൃദ്ധമായ അത്താഴവും കഴിഞ്ഞ് രാത്രി 11 മണിയോടെയാണ് അതിഥികൾ മടങ്ങിയത്.

കുവൈത്ത് ജനതയുടെ സംസ്കാരവുമായി ബന്ധപ്പെട്ട 'ഗബ്ക' വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച് പ്രഭാതഭക്ഷണം വരെ തുടരുന്ന ഒരു കാലയളവിലാണ് ആഘോഷിക്കുന്നത്. ഈ സമയത്ത്, സ്ത്രീകൾ അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്ന അവരുടേതായ പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കുന്നു, മധുരപലഹാരങ്ങൾ വിളമ്പുന്നു, തുടർന്ന് ഏറ്റവും രുചികരമായ വിഭവങ്ങൾ കഴിക്കാൻ അവർ ഒരു ബന്ധുവിന്‍റെ വീട്ടിൽ ഒത്തുകൂടുന്നു. സാധാരണയായി റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്ക് മുമ്പ് നടക്കുന്ന ഒരു റമദാൻ അത്താഴമാണിത്. ഇഫ്താറിനും സുഹൂറിനും ഇടയിലുള്ള അത്താഴം, മത്സരങ്ങൾ, പരമ്പരാഗത ഗാനങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു ആചാരം.

(ചിത്രം- ഗബ്കയിൽ പങ്കെടുത്ത ഇന്ത്യൻ അംബാസിഡർ ഡോ, ആദർശ് സ്വൈക കുവൈത്തിലെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു)

Read Also -  'ഖിയാം' പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മോസ്‌ക് ഒരുങ്ങി; രാത്രി നമസ്കാരത്തിന് ആയിരക്കണക്കിന് പേർ പങ്കെടുക്കും

പുരാതന കുവൈത്തിൽ നിന്നാണ് 'ഗബ്ക' എന്ന ഈ വാക്കിന്‍റെ ഉത്ഭവം. റമദാൻ മാസത്തിൽ രാത്രിയിൽ കഴിക്കുന്ന ഒരു വിരുന്നിനെയാണ് ഗബ്ക എന്ന് വിളിക്കുന്നത്. ഗബ്കയിൽ വിളമ്പുന്ന ഭക്ഷണങ്ങളിൽ അതിന്റെ ആദ്യകാലങ്ങളിൽ ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി, നിരവധി വൈവിധ്യത്തോടെ സലാബിയ, മുഹല്ലബിയ, ലുഖൈമത്ത്, ഈത്തപ്പഴം തുടങ്ങിയ ചില ജനപ്രിയ മധുരപലഹാരങ്ങൾക്ക് പുറമേ, നഖി, ബജ്‌ല, ഹരീസ്, ഫതായർ, കിബ്ബെ, സലാഡുകൾ തുടങ്ങിയ ലളിതവും ലഘുവുമായ പ്രാദേശിക വിഭവങ്ങളും ഗബ്ഗയിൽ ഉൾപ്പെടുന്നു. പാനീയങ്ങളിൽ അറബിക് കാപ്പി, ചായ, ജ്യൂസുകൾ എന്നിവയും മറ്റും ഉൾപ്പെടുന്നു. ഓരോ കുടുംബവും അവരുടെ കുടുംബ ബജറ്റ് അനുസരിച്ചാണ് ഭക്ഷണം വിളമ്പുന്നത്. കാലം കടന്നുപോകുകയും ജീവിത രീതികളിൽ മാറ്റം വരികയും ചെയ്തതോടെ റമദാൻ ഗബ്കയിൽ വൈവിധ്യമാർന്ന ആചാരങ്ങളും പാരമ്പര്യങ്ങളും കൂടിച്ചേർന്നിട്ടുണ്ട്. ഗബ്ക ഇന്ന് കുവൈത്തി വീടുകളിലും ഹോട്ടലുകളിലും വിവിധ സ്ഥാപനങ്ങളിലും ആഡംബര ഹാളുകളിലും വലിയ ആവേശമായി ആഘോഷിക്കുന്നു.

ഗൾഫ് സമൂഹത്തിലെ റമദാൻ സായാഹ്നങ്ങളെ വ്യത്യസ്തമാക്കിയ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക ആചാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന, മിക്ക ഗൾഫ് വീടുകളിലും നടന്നിരുന്ന ഒരു ലളിതമായ വിരുന്നായിരുന്നു ഗബ്ക. ഇന്നും അതിന്റെ ഭൂതകാലത്തിന്റെ സുഗന്ധവും ചൈതന്യവും ഇത് നിലനിർത്തുന്നു. കാലക്രമേണ, ഗബ്ക വീടുകളിലും സ്ഥാപനങ്ങളിലും ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ചില സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും അവരുടെ പ്രവർത്തനങ്ങളുടെ സാമൂഹിക മാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിന്റെയും ഐക്യത്തിന്റെയും നിലവാരം കൈവരിക്കുന്നതിനുമായി റമദാൻ ഗബ്കകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ബിസിനസ്സ് വിജയത്തെ പിന്തുണയ്ക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും, സ്ഥാപനങ്ങൾക്കുള്ളിൽ ആകർഷകവും പ്രോത്സാഹജനകവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഇത് നല്ല സ്വാധീനം ചെലുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം