റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്നും സ്‌കൂളുകളിലേക്കാണ് ഇവരെ മാറ്റുന്നത്.

15 സ്‌കൂളുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് കിഴക്കന്‍ പ്രവിശ്യ നഗരസഭ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി സ്‌കൂളുകളില്‍ മുറികളും ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു.  

ആരോഗ്യമന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ ക്യാമ്പുകളിലെ ആള്‍ക്കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കാനാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് നഗരസഭ സെക്രട്ടറി എഞ്ചിനീയര്‍ ഫഹദ് അല്‍ജൂബൈര്‍ പറഞ്ഞു.