റിയാദിൽ ആരംഭിച്ച ലീപ് അന്താരാഷ്ട്ര ടെക് മേള ബുധനാഴ്ച അവസാനിക്കും.

റിയാദ്: ‘പുതിയ ലോകങ്ങളിലേക്ക്’എന്ന തലക്കെട്ടിൽ ഞായറാഴ്ച റിയാദിൽ ആരംഭിച്ച ലീപ് അന്താരാഷ്ട്ര ടെക് മേള ബുധനാഴ്ച അവസാനിക്കും. സൗദി മാനവിഭവശേഷി സാമൂഹികവികസന മന്ത്രി അഹ്മദ് ബിൻ സുലൈൻമാൻ ബിൻ അബ്ദുൽ അസീസ് അൽരാജ്ഹിയാണ് ഉദ്ഘാടനം നിർവഹിച്ചത്. റിയാദ് നഗരത്തിെൻറ വടക്കുഭാഗമായ മൽഹമിലെ റിയാദ് ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് നാലുദിവസത്തെ മേള. ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് ഐടിലോകത്തെ വിദഗ്ധരും പ്രഭാഷകരും പ്രദർശകരും സംരംഭകരും പങ്കെടുക്കുന്ന മേള സന്ദർശിക്കാൻ രാജ്യത്തിന് അകത്തുംപുറത്തുനിന്ന് ആളുകൾ ഒഴുകുകയാണ്.

ആദ്യ ദിനത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ 14.9 ശതകോടി ഡോളറിന്‍റെ നിക്ഷേപങ്ങളും പദ്ധതികളും പ്രഖ്യാപിച്ചു. ഡിജിറ്റൽ നൈപുണ്യവികസനത്തിനും ഐ.ടി രംഗത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുത്തിനുമാണ് പുതിയ നിക്ഷേപം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ തുടങ്ങി നിരവധി പ്രധാന നിക്ഷേപങ്ങളുടെയും പദ്ധതികളുടെയും പ്രഖ്യാപനത്തിനാണ് ആദ്യദിനം സാക്ഷ്യംവഹിച്ചത്. ഗ്രോക്ക് ആൻഡ് അറാംകോ ഡിജിറ്റൽ കമ്പനി, എ.ഐ പവർഡ് ക്ലൗഡ് കമ്പ്യൂട്ടിങ് വിപുലീകരണത്തിനായി 1.5 ശതകോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. സൗദിയിൽ എ.ഐ റോബോട്ടിക്‌സ് അധിഷ്ഠിത മാനുഫാക്ചറിങ് ആൻഡ് ടെക്‌നോളജി സെൻറർ സ്ഥാപിക്കുന്നതിനും ലെനോവോയുടെ പ്രാദേശിക ആസ്ഥാനം റിയാദിൽ തുറക്കുന്നതിനുമായി 200 കോടി ഡോളർ നിക്ഷേപം അലറ്റ് ആൻഡ് ലെനോവോ പ്രഖ്യാപിച്ചു.

ബുധനാഴ്ച മേള അവസാനിക്കുമ്പോൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാരകരാറുകൾക്കും തലസ്ഥാന നഗരി സാക്ഷിയാകും. ലോകോത്തര കമ്പനികൾ ആഗോള ഉപഭോക്താക്കൾക്ക് മുന്നിൽ തങ്ങരുടെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്നതിന് ലീപ് വേദിയാകും. രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ്പ് മാറുമെന്നാണ് പ്രതീക്ഷയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്.

Read Also -  സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 21,477 നിയമലംഘകർ അറസ്റ്റിൽ; കർശന പരിശോധന തുടരുന്നു

റിയാദ് നഗരത്തിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെത്താൻ വിപുലമായ ഗതാഗത സംവിധനം ഒരുക്കിയിട്ടുണ്ട് സംഘാടകർ. റിയാദ് മെട്രോയുടെ സാബ് സ്റ്റേഷനിൽനിന്ന് ഓരോ 15 മിനിറ്റിലും സൗജന്യ ബസ് സർവിസുണ്ട്. പാർക്കിങ് ഗ്രൗണ്ടിൽനിന്ന് കവാടത്തിലേക്ക് ഗോൾഫ് കാറുകളും ഒരുക്കിയിട്ടുണ്ട്. കരീം ടാക്സി സർവിസുമായി ലീപ്പ് ഉണ്ടാക്കിയ കരാർ അനുസരിച്ച് സന്ദർശകർക്ക് പ്രതേക യാത്ര ചാർജ് കിഴിവും ലഭിക്കും. റിയാദിലെ റോഡുകളുടെ തിരക്ക് കണക്കിലെടുക്കുേമ്പാൾ യാത്രക്ക് എളുപ്പം മെട്രോയും തുടർന്നുള്ള ബസ് യാത്രയുമാണെന്ന് ഇന്നലെ മേള സന്ദർശിച്ചർ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം